Friday, 18 August 2017

ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ നിങ്ങൾ?



                      സുകുമാരൻ സി.വി.




"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ, മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?

എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!"

വൈലേപ്പിള്ളിയുടെ സഹ്യന്റെ മകൻ എന്ന കവിത അവസാനിക്കുന്നതിങ്ങനെയാണ്. ഉത്സവത്തിന് എഴുന്നള്ളിച്ചു നിർത്തിയ കൊമ്പന് പെട്ടന്ന് താൻ കാട്ടിലാണെന്നും കുറച്ചകലെ തന്റെ കാമുകി നിൽക്കുന്നുണ്ടെന്നും തോന്നുകയും അവൻ കാമുകിയുടെ സമീപത്തേക്ക് നടക്കുകയും ചെയ്യുന്നു. അവന്റെ കാലിനടിയിൽപ്പെട്ടു ഞെരിയുന്ന ഉത്സവപ്പറമ്പിലെ മനുഷ്യരും കൊടിതോരണങ്ങളും കാട്ടിൽ തന്റെ കാലിനടിയിൽ ഞെരിയുന്ന പുല്ലും കമ്പും ഒക്കെയായിട്ടാണ് അവനു തോന്നുന്നത്. 

തുടർന്ന് മനുഷ്യരെ രക്ഷിക്കാൻ ആനയെ വെടിവെച്ചു കൊല്ലുകയാണ്. വെടിയേറ്റു വീഴുന്ന അവന്റെ രോദനം മാനവരുടെ ദൈവം കേട്ടില്ലെങ്കിലും പുത്ര സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ അതു മാറ്റൊലിക്കൊണ്ടു എന്ന ഹൃദയഭേദകമായ വരികളോടെയാണ് സഹ്യന്റെ മകൻ അവസാനിക്കുന്നത്.

കാടിന്റെ സ്വച്ഛതയിൽ വിഹരിക്കുന്ന ആനകളെ പൂരമെന്ന ശബ്ദകോലാഹലത്തിനിടയിൽ കൂച്ചുവിലങ്ങിട്ട്; കത്തിയും, കുന്തവും, തോട്ടിയും ഉപയോഗിച്ച് ഭയപ്പെടുത്തി; എഴുന്നള്ളിക്കുന്ന കൊടും ക്രൂരത അവതരിപ്പിക്കുന്ന മലയാളത്തിലെ അതിശക്തമായ കവിതയാണ് സഹ്യന്റെ മകൻ.

മുന്നാറിലെ ചില്ലിക്കൊമ്പനെന്ന ആനയെ ജെ സി ബി കൊണ്ടു തുരത്തി തലക്കിടിച്ചു കൊന്ന മനുഷ്യന്റെ ഹീനകൃത്യത്തെക്കുറിച്ചു കേട്ടപ്പോൾ, ആ പാവം ആനയെ  ജെസിബി കൊണ്ടു പിന്തുടർന്ന് ആക്രമിക്കുന്ന വീഡിയോ ദൃശ്യം കണ്ടപ്പോൾ (വിഷമം കൊണ്ട് ആ ക്രൂരത മുഴുവൻ കാണാൻ എനിക്കു കഴിഞ്ഞില്ല), സഹ്യന്റെ മകന്റെ മരണ രോദനം സഹ്യന്റെ ഹൃദയത്തിൽ മാറ്റൊലിക്കൊണ്ട കാര്യമാണോർത്തത്. ചില്ലിക്കൊമ്പന്റെ വേദന പക്ഷേ സഹ്യന്റെ ഹൃദയത്തിൽ മറ്റൊലിക്കൊണ്ടു കാണില്ല. കാരണം സഹ്യന്റെ ഹൃദയം 
കൈയ്യേറ്റ-കുടിയേറ്റ-പാറമട മാഫിയകൾ എന്നേ തകർത്തു കഴിഞ്ഞില്ലെ?

മൂന്നാറിൽ കൈയ്യേറ്റക്കാരന്റെ കുരിശ് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്തപ്പോൾ കൈയ്യേറ്റക്കാരനു വേണ്ടി കുരിശിന്റെ പേരിൽ വിഷമം പ്രകടിപ്പിച്ച മുഖ്യമന്ത്രിക്കോ, കൈയ്യേറ്റക്കാരന്റെ പുറകിൽ ഒറ്റക്കെട്ടായി നിന്ന ഇടതും വലതും ഒക്കെയടങ്ങുന്ന രാഷ്ട്രീയക്കാർക്കോ മുന്നാറിലെ ചില്ലിക്കൊമ്പനെന്ന ഈ പാവം ആനയെ ജെ സി ബി കൊണ്ട് തുരത്തി തലക്കിടിച്ച് കൊന്നപ്പോൾ യാതൊരു വിഷമവും ഉണ്ടായില്ല. ലംബോധരനും എം എം മണിയുമൊന്നും ആനയുടെ പുറകിലില്ലല്ലൊ. പക്ഷേ കയ്യേറ്റക്കാരന്റെ കാര്യം അങ്ങനെയാണോ?!

പ്രകൃതിക്കും വന്യ ജീവികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ നിസംഗതയോടെ കാണുകയും വികസനത്തിന്റെ പേരിൽ നമ്മുടെ മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നതും തോടുകളും വയലുകളും നികത്തുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണമുന്നണികൾ തങ്ങളുടെ തല തിരിഞ്ഞ വികസന നയങ്ങളാണ് കേരളത്തിൽ കാലവർഷവും തുലാവർഷവും ഇല്ലാതാക്കിയതെന്നു മനസ്സിലാക്കുന്നില്ല. നമ്മുടെ പുഴകൾ പുഴകളല്ലാതാകുന്നതിൽ, നമ്മുടെ ഇടവപ്പാതിയും, തിരുവാതിര ഞാറ്റുവേലക്ക് തിരിമുറിയാതെയും, പുണർതം ഞാറ്റുവേലക്ക് പുഴ പോലെയും പെയ്തിരുന്ന നമ്മുടെ കാലവർഷവും, ഞാറ്റുവേലകളും, കൃത്യനിഷ്ഠത ഒരിക്കലും തെറ്റിക്കാതിരുന്ന നമ്മുടെ സ്വന്തം തുലാവർഷവും ഒക്കെ നമുക്ക് അന്യമായതിൽ, നമ്മുടെ ഭക്ഷണത്തിനും നമുക്കുമിടയിലുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നതിൽ, വികസനത്തിന്റെ പേരിൽ നാം കാണിച്ചുകൂട്ടുന്ന നശീകരണ പ്രവർത്തികൾക്ക് വലിയ പങ്കാണുള്ളത്. 

ചില്ലിക്കൊമ്പൻ നാട്ടിലേക്കിറങ്ങി വന്ന് മനുഷ്യരെ ദ്രോഹിച്ചിട്ടില്ല. അവന്റെയും അവന്റെ പൂർവികരുടെയും വാസസ്ഥലം കൈയ്യേറിയതും അവരുടെ കാടുകൾ വെട്ടിത്തെളിച്ച് എസ്റ്റേറ്റുകളാക്കിയതും മനുഷ്യരാണ്. അങ്ങനെയൊരു എസ്റ്റേറ്റിനു മുമ്പിൽ ചെന്നു നിന്നതിനാണ് ആ പാവത്തെ ജെ സി ബി കൊണ്ടിടിച്ചു കൊന്നത്. 

ആനയും, കടുവയും, കരടിയും, കാട്ടുപോത്തും ഒക്കെ ഇങ്ങനെ തുടച്ചു നീക്കപ്പെട്ടാൽ കേരളത്തിൽ കാടും കാട്ടാറുകളും നാമാവശേഷമാകും. പ്രാഥമികമായ പാരിസ്ഥിതിക അവബോധം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇടതു വലതു മുന്നണികളുടെ പ്രകൃതിയെ നശിപ്പിക്കുന്ന വികസന നയങ്ങളുടെയും, നാലു വോട്ടിനു വേണ്ടി കാടു കയ്യേറ്റക്കാരനേയും, നാലു കാശിനു വേണ്ടി പാറമടക്കാരനെയും പ്രോത്സാഹിപ്പിക്കുന്ന സമീപനത്തിന്റെയും ഫലമായിട്ട് ഇനിയും അവശേഷിക്കുന്ന അതിരപ്പിള്ളി പോലുള്ള പച്ചത്തുരുത്തുകൾ കൂടി നശിപ്പിക്കപ്പെട്ടാൽ, ഇപ്പോഴേ മഴക്കാലം അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, മഴക്കാലത്തുപോലും ജലക്ഷാമം നേരിടുന്ന കേരളത്തിൽ, തീമഴ പെയ്യുന്ന അവസ്ഥയാണ് സംജാതമാകാൻ പോകുന്നത്. 

മനുഷ്യന് ജീവിക്കാൻ ശുദ്ധവായുവും, ശുദ്ധജലവും വേണമെന്നും, മനുഷ്യൻ ഭൂമിയെ ആവുന്നത്ര മലിനമാക്കിയിട്ടും, മനുഷ്യന് ശുദ്ധവായുവും, ശുദ്ധജലവും ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മരങ്ങളും, ചെടികളും, പുല്ലും, പുഴുവും, പൂമ്പാറ്റയും, കാടും, കാട്ടുമൃഗങ്ങളും, പക്ഷികളും പാമ്പുകളും തവളകളും ഇവിടെ ഇനിയും അവശേഷിക്കുന്നതുകൊണ്ടാണെന്നും അതിരപ്പിള്ളി പോലുള്ള അപൂർവ്വ ജൈവ വൈവിദ്യമേഖലകൾ കുറച്ചു വൈദ്യുതിയും  കോൺട്രാക്ടർമാർക്ക് കുറെ ലാഭവും ഉണ്ടാക്കാൻ വേണ്ടി നശിപ്പിക്കപ്പെടേണ്ടതല്ലെന്നും മനുഷ്യനടക്കമുള്ള ജീവന്റെ നിലനിൽപ്പിനായി കാത്തു സൂക്ഷിക്കപ്പെടേണ്ട അമൂല്യതകളാണെന്നും, മലയാളിയും മലയാളിയെ മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകളും ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ ഹരിത കേരളം, ജലദൂത്, ജലസംരക്ഷണം എന്നിങ്ങനെയുള്ള അർത്ഥശൂന്യമായ സർക്കാർതല അഭ്യാസങ്ങൾക്കൊന്നും കേരളെത്തെ മരുവൽക്കരണത്തിൽ നിന്നു രക്ഷിക്കാനാകില്ല.

ജലദൂതും, ജനകീയാസൂത്രണവും, കേരള വികസനവും ഹരിത കേരളവും ഒന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിൽ വേനൽക്കാലത്തു പോലും ഉറവ വറ്റാത്ത ജലസമൃദ്ധിയുണ്ടായിരുന്നു. കൃഷിയുണ്ടായിരുന്നു. മലകളും പുഴകളും തോടുകളും കുളങ്ങളും കൊക്കർണികളും ഉണ്ടായിരുന്നു. കേരളം ഹരിതമായിരുന്നു; ഹരിത ശ്യാമള കോമളമായിരുന്നു. കേരള വികസനത്തിന്റെ പേരിൽ, ജനകീയ ആസൂത്രണത്തിന്റെ പേരിൽ ഇതെല്ലാം നശിപ്പിച്ചിട്ട്, ജല ദൂത്, ഹരിത കേരളം തുടങ്ങിയ ഉപരിപ്ലവവും അർത്ഥശൂന്യവുമായ പരിപാടികൾ കൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നത്, രോഗകാരണങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കാതെ രോഗലക്ഷണങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്ന വൃഥാ വ്യായാമമാണ്.

ജലം സംരക്ഷിക്കപ്പെടണമെങ്കിൽ വയലുകൾ വയലുകളായി നിലനിൽക്കണം, പശ്ചിമഘട്ടത്തെ നാലു വോട്ടിനു വേണ്ടി 
കയ്യേറ്റ-കുടിയേറ്റ മാഫിയക്കു നശിപ്പിക്കാൻ വിട്ടു കൊടുക്കുന്നതു തടയണം. നമുക്കു ചുറ്റുമുള്ള കുന്നുകൾ ഇടിക്കലും, തോടുകൾ നികത്തലും കുഞ്ഞു കുഞ്ഞു ഇടവഴികൾ കൂടി കോൺക്രീറ്റു ചെയ്ത് ഭൂമിയിലേക്കു വെള്ളമിറങ്ങാനുള്ള എല്ലാ സാദ്ധ്യതകളും കൊട്ടിയടക്കുന്നതും നിർത്തണം. ഇതൊക്കെ നിർബാധം തുടർന്നു കൊണ്ട്, 'ജലദൂത്' നടത്തിയിട്ടൊന്നും ജലം സംരക്ഷിക്കപ്പെടില്ല. അതിന്റെ പേരിലും (ബാനർ എഴുതിയും, ചായ കുടിച്ചും) കുറെ പൊതുപണം പൊടിക്കാം എന്നല്ലാതെ. അതിനു വേണ്ടിയുള്ള ഫ്ലക്സ് ബാനറുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം വേറെയും.

ചില്ലിക്കൊമ്പന്റ തലക്കിടിച്ച ജെ സി ബി ഒരു പ്രതീകമാണ്. ജീവന്റെ തുടിപ്പിനു നേരെ ഉയരുന്ന അന്തകന്റെ പ്രതീകം. ഇന്നത് ചില്ലിക്കൊമ്പന്റെ മസ്തകം തകർത്ത് അവനെ ഇല്ലാതാക്കിയെങ്കിൽ അതു വിരൽ ചൂണ്ടുന്നത് ശ്വസിക്കാൻ ശുദ്ധവായുവും, കുടിക്കാൻ ശുദ്ധജലവും കിട്ടാതെ മനുഷ്യൻ ചത്തുവീഴുന്ന ഒരു കാലത്തേക്കാണ്. 

മുന്നാറിലെ കൈയേറ്റക്കാരന്റെ കുരിശു നീക്കം ചെയ്ത ജെ സി ബി യും ഒരു പ്രതീകമായിരുന്നു. ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകം. പ്രകൃതിക്കെതിരെയുള്ള കയ്യേറ്റം അനുവദിക്കില്ലെന്നതിന്റെ പ്രതീകം. പക്ഷേ ആ പ്രതീകം എല്ലാ നിറത്തിലുമുള്ള രാഷ്ട്രീയക്കാരന്റെയും പിൻബലത്തിൽ ഒതുക്കപ്പെടുകയും, ചില്ലിക്കൊമ്പനെ കൊന്നവർ പ്രതിനിധാനം ചെയ്യുന്ന നശീകരണത്തിന്റെയും, മരുവൽക്കരണത്തിന്റെയും പ്രതീകമായ ജെ സി ബി എല്ലാ നിറത്തിലുമുള്ള രാഷ്ട്രീയക്കാരന്റെയും അനുഗ്രഹാശ്ശിസുകളോടെ 
ജൈത്രയാത്ര തുടരുകയും ചെയ്യുന്നു.

കാടു കയ്യേറി നശിപ്പിച്ച് നാടാക്കി "വികസി"പ്പിക്കുന്ന കയ്യേറ്റ-കുടിയേറ്റക്കാരനും, പശ്ചിമഘട്ടത്തിലെ മലകൾ മുഴുവൻ തങ്ങൾക്കു പാറ പൊട്ടിച്ചെടുക്കാൻ സൃഷ്ടിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്ന പാറമടക്കാരനും, വന്യ ജീവികളെ കൊന്നൊടുക്കുന്ന എസ്റ്റേറ്റുകാരനും, ഇക്കൂട്ടരെയൊക്കെ സംരക്ഷിക്കുന്ന ഇടതു-വലതു രാഷ്ട്രീയക്കാരനും മനസ്സിലാക്കേണ്ട ലളിതമായൊരു സത്യമുണ്ട്. അതിതാണ്: ജീവന്റെ ഉറവിടത്തെയാണ് നിങ്ങൾ നശിപ്പിക്കുന്നത്; നിങ്ങളടക്കമുള്ള ജീവന്റെ നിലനിൽപ്പു സാധ്യമാക്കുന്ന ജീവന്റെ ഉറവിടത്തെ, പ്രകൃതിയെ.

അരുതു കാട്ടാളാ (മാ നിഷാദാ) എന്നു പണ്ടു വാത്മീകി പറഞ്ഞതുപോലെ ഇന്ന്, വികസനത്തിന്റെ പേരിലും അല്ലാതെയും പ്രകൃതിയെ നശിപ്പിക്കുന്നവരോട്, അതിനു കൂട്ടുനിൽക്കുന്ന ഭരണക്കാരോട് "അരുത് നാട്ടാളാ" എന്നു പറയേണ്ടിയിരിക്കുന്നു. ഒരു ക്രൗഞ്ചപ്പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളന്റ പ്രവർത്തി ഇന്നത്തെ നാട്ടാളർ പ്രകൃതിക്കെതിരെ നടത്തുന്ന കൊടും പാതകങ്ങൾക്കു മുന്നിൽ ഒരു പാതകമേ അല്ലാതാകുന്നു. കാടിനെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ചിട്ടുള്ളത് ഒരിക്കലും കാട്ടാളരല്ല. നാട്ടാളരാണ്. കാട്ടാളർക്കറിയാം, കാടും കാട്ടുമൃഗങ്ങളുമില്ലാതായാൽ അവർക്കും നിലനിൽപ്പില്ലെന്ന്. നാട്ടാളർക്കു പക്ഷേ അതറിയില്ല; എന്നിട്ടും പക്ഷേ കാട്ടാളൻ അപരിഷ്കൃകൃതനും, നാട്ടാളൻ പരിഷ്കൃതനുമായതാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം.

അടിക്കുറിപ്പ്: 2017 ആഗസ്റ്റ് 12 ന് പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സെൻസസ് കണക്കു പ്രകാരം, ഇന്ത്യയിലാകെ 27, 312 ആനകളാണുള്ളത്. 2012 ലെ സെൻസസിൽ 29, 391 ലധികം ആനകളുണ്ടായിരുന്നുവെന്നോർക്കുക. മനുഷ്യൻ അനുദിനം പെരുകിക്കൊണ്ടിരിക്കുമ്പോൾ ആനകളടക്കമുള്ള വന്യജീവികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറിന്റെ (World Wide Fund for Nature) ഏറ്റവും പുതിയ കണക്കനുസരിച്ച്, കഴിഞ്ഞ 40 വർഷത്തിനുള്ളിൽ വന്യ ജീവികൾ ലോകത്താകമാനം പകുതിയിലധികം തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ആനകളുടെ വാസസ്ഥലമായ കാടും കാടിനോടു ചേർന്ന സ്ഥലങ്ങളും കയ്യേറി മനുഷ്യൻ താമസിക്കുകയും, കൃഷിയിറക്കുകയും ചെയ്യുന്നതു കൊണ്ട് ആനകൾക്കു മറ്റു മാർഗ്ഗമില്ലാതെ ഇത്തരം കൃഷി സ്ഥലങ്ങളിലേക്കിറങ്ങിയാൽ "അഭ്യസ്ഥവിദ്യ"നായ മലയാളിയുടെ പത്രങ്ങൾ ആനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു എന്ന രീതിയിൽ ഈ പാവം ജീവികൾ മനുഷ്യനെതിരെ എന്തോ കൊടുംപാതകം ചെയ്യുന്നുവെന്ന മട്ടിൽ വാർത്ത കൊടുക്കുന്നതു കാണാം. 

"ഇവറ്റകൾ വല്ലാതെ പെരുകിയിരിക്കുകയാണ്. അതു കൊണ്ടു കാട്ടിൽ സ്ഥലമില്ലാതെ നാട്ടിലേക്കിറങ്ങുകയാണ്. എല്ലാറ്റിനെയും കൊല്ലണം." എന്നു പറയുന്ന മനുഷ്യൻ സൗകര്യപൂർവ്വം മറക്കുന്ന വസ്തുതയാണ് അനിയന്ത്രിതമായി പെരുകുന്നത് മനുഷ്യനാണെന്നും, മനുഷ്യൻ കാടു കൈയ്യേറി, കൈയ്യേറി, വന്യ ജീവികൾക്കു താമസിക്കാനും തീറ്റ തേടാനും  കാടില്ലാതാകുന്നതു കൊണ്ടും, നിവർത്തിയില്ലാതെയുമാണ് ആനകളടക്കമുള്ള വന്യജീവികൾ മനുഷ്യൻ നാടാക്കി മാറ്റിയ അവരുടെ സ്വന്തം കാട്ടിലേക്കിറങ്ങുന്നത് എന്ന സത്യം.

No comments:

Post a Comment