വക്കീൽ പറഞ്ഞതു പ്രകാരം പത്തരക്കു തന്നെ അയാൾ കോടതിയിലെത്തി. ആകെ തിരക്കാണ്. ആദ്യമായാണ് അയാൾ ഫാമിലി കോർട്ടിൽ പോകുന്നത്. അയാൾ നഗരത്തിലെ കോളേജിൽ പഠിക്കുന്ന കാലത്ത് എന്നും പോയിരുന്ന വഴിയാണത്. മോൾ ജനിച്ചതിനുശേഷം മോളെയുംകെണ്ട് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്കിലേക്കും ആറുവയസ്സിൽത്തന്നെ വായിച്ചു തുടങ്ങിയ മോൾക്ക് സുമംഗലയുടെയും നരേന്ദ്രനാഥിന്റെയും മറ്റും പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുന്നതിന് മോളെയും കൂട്ടി കറന്റ് ബുക്സിന്റെയും മാതൃഭൂമി ബുക്സിന്റെയും ഷോറൂമുകളിലേക്കും പോയിരുന്നതും ഈ വഴിയാണ്. പക്ഷേ ഫാമിലി കോർട്ട് ഇവിടെയാണെന്ന് അയാൾക്കറിവില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പോകേണ്ട ആവശ്യത്തിനു മാത്രമേ ഈ സ്ഥലത്ത് അയാൾ വന്നിട്ടുള്ളൂ. പിന്നെ മോൾക്കിഷ്ടപ്പെട്ട ഫ്രൂട്ട് സാലഡ് വളരെ നല്ലതു കിട്ടുന്ന ഒരു ഹോട്ടലുണ്ട് അവിടെ. അതിൽ മോളേയും കൂട്ടി പലതവണ പോയിട്ടുണ്ട്. മിക്കപ്പോഴും ഭാര്യയും അയാളും മോളും കൂടിയാണ് പോയിട്ടുള്ളത്. ഫാമിലി കോർട്ട് ഇവിടെ എവിടെയാണെന്ന് അയാൾക്കറിയില്ലായിരുന്നു. കടകളിൽ ചോദിച്ചാണ് മനസ്സിലാക്കിയത്. മോൾക്കിഷ്ടപ്പെട്ട ഫ്രൂട്ട് സാലഡ് കിട്ടുന്ന ഹോട്ടലിന്റെ മുന്നിലൂടെ ഫാമിലി കോർട്ടിലേക്കു നടക്കുമ്പോൾ മനസ്സ് മുറിഞ്ഞു നീറുകയായിരുന്നു. ഭാര്യയും മകളുമൊത്ത് അവിടെയിരുന്നു ഫ്രൂട്ട് സാലഡ് കഴിക്കാറുണ്ടായിരുന്ന സന്തോഷവും സംതൃപ്തിയും നിറഞ്ഞ കാലം അയാളുടെ മനസ്സിലേക്ക് തിരയടിച്ചു വന്ന് അയാളുടെ കണ്ണുകളെ നനയിച്ചുകളഞ്ഞു. ഇന്നിപ്പോൾ ആ വഴി അയാൾ ഫാമിലി കോർട്ടിലേക്കു പോവുകയാണ്, മോളെ കാണാൻ.
തന്നോട് തെറ്റി, സ്വന്തം ജില്ലയിലേക്കു സ്ഥലമാറ്റം വാങ്ങി, സ്വന്തം വീട്ടിലേക്കു താമസം മാറ്റുകയും മോളെ അവിടെ സ്കൂളിൽ ചേർക്കുകയും ചെയ്ത ഭാര്യ മോളെയും കൂട്ടി കോടതിയിൽ എത്തിക്കാണുമോ? തന്റെ മോൾ താനവിടെ എത്തുന്നതും കാത്ത് നിൽപ്പുണ്ടാകുമോ? തന്നെ കണ്ടയുടൻ "അച്ഛാ" എന്നു വിളിച്ച് ഓടിവന്ന് കൈയ്യിൽ പിടിക്കുമോ? എയ്ഡഡ്/ അൺ എയ്ഡഡ് ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ മോളെ ചേർത്താതെ അയാൾ പഠിച്ച ജിയുപി സ്കൂളിൽത്തന്നെയാണ് അയാൾ മോളെയും ചേർത്തത്. ഭാര്യടെ ഓഫീസ് കുറച്ചു ദൂരെ ആയതിനാൽ മോളെഴുന്നേൽക്കുന്നതിനും മുമ്പ് ഭാര്യ യാത്രയാകും. പിന്നെ മോളെ കുളിപ്പിക്കലും ഭക്ഷണം കഴിപ്പിക്കലും ഒക്കെ അയാളാണ്. സ്കൂളിൽനിന്നും വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തുള്ള സ്വന്തം പഞ്ചായത്ത് ഓഫീസിലായിരുന്നു അന്നയാൾ ജോലി ചെയ്തിരുന്നത്. വീട് അമ്പലക്കുളത്തിനടുത്താണ്. ഗേറ്റു പൂട്ടി വീടിനു മുമ്പിലുള്ള റോഡിലേക്കിറങ്ങി വലത്തോട്ട് ഒരു അമ്പതടി നടന്നാൽ ഒരേക്കറിലധികം വിസ്തൃതിയുള്ള അമ്പലക്കുളത്തിന്റെ വടക്കെ തീരത്തുള്ള വഴിയിലെത്തും അതിലൂടെ കുറച്ചു ദൂരം ചെന്ന് കുളത്തിന്റെ മുൻ വശത്തുകൂടെ നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ അമ്പല നടയിലേക്കുള്ള നീണ്ട വഴിയാണ്. ഇടക്കിടെ ധാരാളം കല്ലിന്റെ ചവിട്ടുപടികളുള്ള ഈ വഴിയിലൂടെ നടന്ന് ആ സ്റ്റോൺ സ്റ്റെപ്സ് മുഴുവൻ കേറിയാൽ അമ്പലത്തിനകത്ത് ശ്രീകോവിലിനു മുമ്പിലെത്തും. നാലമ്പലത്തിനു ചുറ്റുമുള്ള കല്ലുപതിച്ച പ്രദക്ഷിണ വഴിയിലൂടെ ഇടത്തോട്ടോ വലത്തോട്ടോ നടന്ന് അമ്പലത്തിനുപുറകിലുള്ള കവാടത്തിലൂടെ പുറത്തു കടന്ന് സ്റ്റെപ്പുകളിറങ്ങിയാൽ മെയിൻ റോഡായി. റോഡ് ക്രോസ് ചെയ്താൽ നേരെ പ്രവേശിക്കുന്നത് സ്കൂളിലേക്ക്.
വീടു മുതൽ സ്കൂളെത്തുന്നതു വരെ തന്റെ കയ്യിൽ തൂങ്ങി ഇടക്കിടെ "അച്ഛാ എനിക്കു നടക്കാൻ വയ്യ, അച്ഛൻ മെല്ലെ നടക്ക്" എന്നും, "അച്ഛനിന്നു വൈകുന്നേരം നേരത്തെ വരണം ട്ടൊ" എന്നുമൊക്കെപ്പറഞ്ഞ് ക്ലാസ് റൂമിനു മുമ്പിലെത്തിയിട്ട് ബാഗും കുടയും തന്റെ കയ്യിൽ നിന്നു വാങ്ങി ടാറ്റ പറഞ്ഞ് ക്ലാസ്സിലേക്കു കേറിപ്പോകുന്ന മോളെക്കുറിച്ചോർത്ത്; ഒന്നാം ക്ലാസ് ഗേറ്റിനു നേരെ മുമ്പിലുള്ള കെട്ടിടത്തിലായതിനാൽ വൈകിട്ട് താൻ ഓഫീസിൽ നിന്ന് ഓടിക്കിതച്ചു വരുമ്പോൾ ക്ലാസ്സിനുമുമ്പിലെ തൂണിൽച്ചാരി ഗേറ്റിലേക്കു കണ്ണും നട്ടു നിൽക്കുന്ന, തന്നെ കണ്ടയുടൻ ഓടി വന്ന് ബാഗും കുടയും തന്നെ ഏൽപ്പിച്ച്, കയ്യിൽ പിടിച്ച് വീട്ടിലേക്കു നടക്കുമ്പാൾ വഴിക്കിരുവശങ്ങളിലുമുള്ള മരങ്ങളെക്കുറിച്ച്, അവയിലെ പക്ഷികളെക്കുറിച്ച്, കുളത്തിലെ മീനുകളെക്കുറിച്ച് ഒക്കെ വാതോരാതെ സംസാരിച്ച്, കുളത്തിലിറങ്ങണമെന്നു വാശി പിടിച്ച്, വാശി സഹിക്കാൻ വയ്യാതെ കൈ മുറുകെപ്പിടിച്ച് കുളപ്പടവുകളിൽ കാൽമുട്ടുവരെ ഇറങ്ങി നിൽക്കാൻ സമ്മതിച്ചാൽ, മീനുകൾക്കു കൊടുക്കാൻ വേണ്ടി രാവിലെ അരിയെടുത്ത് ചെറിയൊരു കവറിലാക്കി ബാഗിൽ സൂക്ഷിച്ചിട്ടുള്ളതെടുത്ത് മീനുകൾക്കിട്ടു കൊടുത്ത് അവ കൂട്ടത്തോടെ അരിമണികൾ തിന്നുന്നതു കണ്ട് ആഹ്ലാദിക്കുന്ന, എത്ര പറഞ്ഞാലും കുളത്തിൽ നിന്നു കേറാൻ കൂട്ടാക്കാതെ, ആരെങ്കിലും കുളിക്കാനിറങ്ങിയാൽ മാത്രം മനസ്സില്ലാമനസ്സോടെ കുളപ്പടവുകളിൽ നിന്നു കേറുന്ന മോളെക്കുറിച്ചോർത്ത്, അതു പോലുള്ള ഒട്ടധികം കാര്യങ്ങൾ ഓർത്ത്, അയാളുടെ മനസ്സ് വിങ്ങിക്കൊണ്ടിരിക്കുകയാണ്. ക്ലാസ് റൂമിനു മുമ്പിൽ അച്ഛനെ കാത്തു നിൽക്കാറുളളതു പോലെ കോടതിയിൽ അമ്മയുടെ കൂടെ, അച്ഛനെ നോക്കി നിൽക്കുന്നുണ്ടാകുമോ തന്റെ മോൾ?
ഇത്തരം കാര്യങ്ങളൊക്കെ ആലോചിച്ചു കൊണ്ടാണ് ഒരു ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുളള കുടുംബ കോടതിയിലേക്കുളള ഇടുങ്ങിയ സ്റ്റെയർകേസ് വഴി അയാൾ ജീവിതത്തിലാദ്യമായി കോടതി മുറിയിലെത്തുന്നത്. താനാകെ കോടതി കണ്ടിട്ടുള്ളത് സിനിമകളിലാണ്. പക്ഷേ അതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇവിടെ ഉള്ളിലേക്കു കടക്കാൻ പോലും സ്ഥലമില്ല. ജഡ്ജിക്കിരിക്കാനുള്ള സ്റ്റേജ് പോലുള്ള മേശക്കു മുമ്പിൽ ഇട്ടിരിക്കുന്ന കസാലകളിൽ കറുത്ത കോട്ടു ധാരികളായ ആൺ പെൺ വക്കീലൻമാർ തിക്കിത്തിരക്കി ഇരിക്കുന്നുണ്ട്. ഇരിക്കാൻ സീറ്റുകിട്ടാത്ത കുറെ കറുത്ത കോട്ടുധാരികൾ ഇരിക്കുന്നവരുടെ പുറകിൽ നിൽക്കുന്നുണ്ട്. കുറെ കടലാസുകെട്ടുകൾ കയ്യിൽ പിടിച്ച് ഓരോ വക്കീലിന്റെയും ഗുമസ്തൻമാരും ഗുമസ്തിമാരും തിക്കിത്തിരക്കി കാലുകുത്താനിടമുണ്ടാക്കുന്നതു കാണാം. വക്കീലൻമാർ ഇരിക്കുന്നതിന്റെ ഇടതു വശത്ത് ചുമരിനു പകരമുള്ള ഗ്രില്ലിനും വക്കീലൻമാർക്കും ഇടയിൽ കേസുകളിലെ പരാതിക്കാരോ എതിർ കക്ഷിക്കാരോ ആയ ഭർത്താക്കൻമാർ തിക്കിത്തിരക്കി നിൽക്കുന്നുണ്ട്. വലതു വശത്ത് ചുമരിനും വക്കീലൻമാർക്കും ഇടയിൽ പരാതിക്കാരോ എതിർ കക്ഷിക്കാരോ ആയ ഭാര്യമാർ തിക്കിത്തിരക്കി നിൽക്കുന്നുണ്ട്. പുറകു വശത്ത് പരാതിക്കാരോ എതിർ കക്ഷിക്കാരോ ആയ ആണുങ്ങളും പെണ്ണുങ്ങളും നിൽക്കുന്നുണ്ട്. ഇവരുടെയൊക്കെ ഇടയിൽ, മൊബൈൽ സ്വിച്ച് ഓഫ് ചെയാൻ എല്ലാവരോടും ആവശ്യപ്പെടുന്ന ഒരു പൊലീസുകാരനും നിലയുറപ്പിച്ചിട്ടുണ്ട്. കുറച്ചുപേർ അവിടെ ഇട്ടിട്ടുള്ള ഒരു മരബഞ്ചിൽ ഇരിക്കുന്നുണ്ട്. അവരിലാരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് എഴുന്നേറ്റാൽ ഉടൻ നിൽക്കുന്നവരിൽ ഒരാണോ, പെണ്ണോ ചാടി വീണ് ആ സ്ഥലം കരസ്ഥമാക്കുന്നതു കാണാം. ആ തിരക്കിനിടയിൽ നിന്ന് "അച്ഛാ" എന്ന വിളി പ്രതീക്ഷിച്ച് വലതു വശത്ത് സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇടതു വശത്ത് ഗ്രില്ലിനോടു ചേർന്നു നിലയുറപ്പിച്ചു അയാൾ. പക്ഷേ അയാൾ തന്റെ മകളെയും ഭാര്യേയേയും അവിടെ എവിടെയും കണ്ടില്ല.
പതിനൊന്നു മണിക്കാണ് കോടതി കൂടുന്നത്. സമയം 10.50 ആയിട്ടേയുള്ളൂ. മാർച്ച് മാസമാണ്. അയാൾക്ക് വല്ലാതെ ചൂടനുഭവപ്പെട്ടു. ഇപ്പോഴും വാതിൽ വഴി സ്ത്രീകളും പുരുഷൻമാരും കോടതിമുറിയിലേക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്. അയാൾ തന്റെ ഭാര്യയും മകളും ഏതു നിമിഷവും കോടതി മുറിയിലേക്കു പ്രവേശിക്കുന്നതും, തന്റെ മോൾ "അച്ഛാ" എന്നു വിളിച്ച് തന്റടുത്തേക്ക് ഓടി വരുന്നതും ദിവാ സ്വപ്നം കണ്ട് കോടതി മുറിയുടെ വാതിൽക്കലേക്കു തന്നെ നോക്കിക്കൊണ്ടു നിലയുറപ്പിച്ചു.
ആ സ്വപ്നം ഭഞ്ജിച്ചത് ട്രീീങ്ങ്...... എന്നുള്ള നീണ്ടൊരു മണിയടിയാണ്. കറുത്ത കോട്ടു ധാരികൾ എഴുന്നേറ്റു തലകുമ്പിടുന്നു. ജഡ്ജി അയാളുടെ ചേംബറിൽ നിന്ന് എഴുന്നള്ളി ഉപവിഷ്ഠനാകാൻ പോവുകയാണ്. അയാൾ എഴുന്നേറ്റു നിൽക്കുന്ന കോട്ടു ധാരികളെ നോക്കി തലകുനിച്ചതിനു ശേഷം ഇരുന്നു. തുടർന്ന് കോട്ടു ധാരികളും ഇരുന്നു.
ജഡ്ജിയിരിക്കുന്ന ഉയർന്ന പീഠത്തിനു താഴെ കറുത്ത കോട്ടുധാരികൾ ഇരിക്കുന്നതിനു മുമ്പിൽ ഉള്ള ഒരു ടേബിളിൽ ധാരാളം കടലാസു കെട്ടുകൾ അഥവാ കേസുകെട്ടുകൾ രണ്ടുമൂന്നു കൂമ്പാരങ്ങളായി ഇരിക്കുന്നുണ്ട്. ടേബിളിന്റെ രണ്ടു വശത്തും ഓരോ ഉദ്യോഗസ്ഥർ നിൽക്കുന്നു. അവരിൽ ജഡ്ജിയുടെ ഇടതു ഭാഗത്തു നിൽക്കുന്നയാൾ ഏറ്റവും മുകളിലെ കേസുകെട്ടെടുത്ത് നമ്പറും പേരുകളും വിളിച്ചു. സ്ത്രീകൾ നിൽക്കുന്ന വലതു ഭാഗത്തു നിന്ന് ഒരു സ്ത്രീ ജഡ്ജിയുടെ പീഠത്തിനു മുന്നിലേക്ക് തിക്കിത്തിരക്കി വന്നു നിൽക്കുന്നു. ഇടതു വശത്തെ ആണുങ്ങളുടെ ഭാഗത്തു നിന്ന് ഒരാൾ ഈ വശത്തും മുന്നിലേക്കു ചെന്നു നിൽക്കുന്നു. രണ്ടു കറുത്ത കോട്ടു ധാരികൾ എഴുന്നേറ്റ് ഒരാൾ "ഡിഫന്റന്റ് ഈസ് പ്രസന്റ് യുവർ ഓണർ" എന്നും മറ്റേയാൾ "കംപ്ലയിനന്റ് ഈസ് പ്രസന്റ് യുവർ ഓണർ" എന്നുമൊക്കെ പറയുന്നു. ജഡ്ജി ആ കേസുകെട്ടിൽ ഒരു മാസത്തിനപ്പുറമുള്ള ഒരു തിയ്യതി എഴുതിയിട്ട് തന്റെ പീഠത്തിനു താഴെ വലതു ഭാഗത്തു നിൽക്കുന്ന ആൾക്കു കൈമാറുന്നു. അയാൾ ഉറക്കെ ആ തിയ്യതി വിളിച്ചു പറഞ്ഞ്, ആ കേസുകെട്ട് അവിടെയുള്ള കൂമ്പാരങ്ങളിൽ നിന്നു മാറ്റി വേറൊരു സ്ഥലത്തു വെക്കുന്നു. ആ ആണും പെണ്ണും കോടതി മുറിയിൽ നിന്നു പോകുന്നു. അടുത്ത രണ്ടു പേർ വരുന്നു, പോകുന്നു. ചില കേസുകളിൽ ഭർത്താവിന്റെ കൂടെ അയാളുടെ അമ്മയും സഹോദരിമാരും അടക്കം എതിർ കക്ഷികളായി നിൽക്കുന്നതു കാണാം. കുടുംബ വഴക്കുകളുടെ നീണ്ട ഈ പ്രവാഹം കണ്ടുകണ്ട്, ഓരോ അടുത്ത കേസുകെട്ടും തന്റേതാണെന്നു പ്രതീക്ഷിച്ച് രണ്ടു മണിവരെ അയാൾ അതേ നിൽപ്പു നിന്നു. ബോറടിച്ചപ്പോഴൊക്കെ ഗ്രില്ലിലൂടെ പുറത്തെ കട്ട്റോഡിലേക്കും അതിനപ്പുറത്തുള്ള വീടുകളുടെ കോമ്പൗണ്ടുകളിൽ നിൽക്കുന്ന മരങ്ങളിേലേക്കും തെങ്ങുകളിലേക്കും നോക്കി നിന്നു. അവയിൽ ഇരിക്കുന്ന പക്ഷികളുടെ ചെറു ചലനങ്ങൾ പോലും സസൂക്ഷ്മം നിരീക്ഷിച്ച് ആസ്വദിച്ചു. അവരെപ്പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു. തന്റെ പ്രിയ കവി ജോൺ കീറ്റ്സിന്റെ "രാപ്പാടിയോട്" (Ode to a Nightingale) എന്ന കവിതയിൽ കവി ആഗ്രഹിക്കുന്നതു പോലെ, മനുഷ്യേലോകത്തെ വിഷമങ്ങളും സങ്കടങ്ങളുെമൊക്കെ വിട്ട് അതൊന്നുമില്ലാത്ത സംഗീതാത്മകമായ പക്ഷികളുടെ ലോകത്തേക്ക് ഊളിയിട്ടു പോകാൻ, അലിഞ്ഞു ചേരാൻ, എല്ലാം മറക്കാൻ, ആഗ്രഹിച്ചു. (Fade far away, dissolve, and quite forget/ What thou among the leaves hast never known). അങ്ങനെ മണിക്കൂറുകൾ കടന്നുപോയി. സൂചികുത്താനിടമില്ലായിരുന്ന കോടതി മുറി മിക്കവാറും കാലിയായി. അടുത്തതായി അയാളുടെ കേസ് നമ്പറും അയാളുടെയും അയാളുടെ ഭാര്യയുടെയും പേരുകളും വിളിച്ചു. അയാൾ ഇടതു വശത്ത് മുന്നിൽ ചെന്നു നിന്നു. വലതു വശത്ത് മുന്നിൽ ആരും വന്നില്ല. കേസ് നമ്പർ വിളിച്ചപ്പോൾ എഴുന്നേറ്റു നിന്ന ഒരു കറുത്ത കോട്ടുകാരി "മൈ ക്ളയന്റ് ഹാസ് നോട്ട് ബീൻ ഏബിൾ റ്റു അവെയ്ൽ ലീവ് ആന്റ് ഹെൻസ് ഷി കുഡ് നോട്ട് ബി പ്രസന്റ്, യുവർ ഓണർ" എന്നു പറഞ്ഞു. ജഡ്ജി "ആസ്ക് ഹെർ റ്റു ബി പ്രസന്റ് നെക്സ്റ്റ് ടൈം" എന്നു പഞ്ഞ് ഒരു മാസത്തിനപ്പുറത്തേക്കുള്ള ഒരു ദിവസത്തേക്ക് കേസ് മാറ്റി.
*******
"കുട്ടിയുടെ പിറന്നാൾ ദിവസം തന്നെ കുട്ടിയെ ഹാജരാക്കാൻ വേണ്ടതു ചെയ്യാം" എന്നു വക്കീൽ പറഞ്ഞതു കൊണ്ടാണ് അയാൾ ആവശ്യപ്പെട്ട തുക മുഴുവൻ കൊടുത്തത്. മൂന്നു വർഷം കഴിഞ്ഞു മോളെ കണ്ടിട്ട്. ഒരേ അളവിൽ ദേഷ്യവും അഹങ്കാരവും കൈമുതലായ രണ്ടു പേരാണ് അയാളും അയാളുടെ ഭാര്യയും. ഭയങ്കര പരിസ്ഥിതി വാദിയും യുക്തിവാദിയുമാണയാൾ. ഭാര്യ ഇതു രണ്ടുമല്ല. പക്ഷേ അതൊന്നുമല്ല അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. പരസ്പരം ഇഷ്ടപ്പെട്ടു വിവാഹിതരായവരാണ് അവർ. അവർക്കിടയിൽ പ്രശ്നം തുടങ്ങുന്നത് ആർത്തവ ദിവസങ്ങളിൽ അയാളുടെ ഭാര്യ സ്ഥിരം വിളക്കു കൊളുത്തുന്ന പതിവ് ചെയ്യാൻ കൂട്ടാക്കാത്തതായിരുന്നു. ആ ദിവസങ്ങളിൽ അയാളോട് ഭാര്യ പറയും "രഘു ഞാൻ ഔട്ടാണ്, ഒന്നു വിളക്കുവെക്കൂ." ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത അയാൾ ആദ്യമാദ്യം ഭാര്യക്കു വേണ്ടി അതു ചെയ്തുപോന്നു. പിന്നീട് അയാൾ ഇങ്ങനെ പറഞ്ഞു തുടങ്ങി: "നോക്കൂ ആശാ, ഒന്നുകിൽ എല്ലാ ദിവസെത്തെയും പോലെ പീരിയഡ് സമയത്തും വിളക്കുവെക്കുക, അല്ലെങ്കിൽ ഈ ചടങ്ങു തന്നെ വേണ്ടെന്നു വെക്കുക. എം എസി ക്കാരിയായ ഇയാൾ ഒരു ബയോളജിക്കൽ പ്രോസസായ ആർത്തവം സ്ത്രീയെ അശുദ്ധയാക്കുന്നു എന്നു വിശ്വസിക്കുന്നത് നാണേക്കേടാണ് ട്ടൊ. ഒരു കാര്യം പറയാം, മോളു വലുതാകുമ്പൊ കുട്ടിയെക്കൊണ്ടു വിളക്കു വെപ്പിക്കുകയാണെങ്കിൽ ആർത്തവസമയത്ത് കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കാതിരിക്കാൻ ഞാൻ സമ്മതിക്കില്ല."
ആശയുടെ മറുപടി ഇതായിരുന്നു: "അതിനെനിക്ക് രഘുവിന്റെ സമ്മതെമൊന്നും വേണ്ട. നിങ്ങടെ യുക്തിവാദമൊന്നും മോളെ പഠിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല."
ദേഷ്യം വന്ന രഘു കുറച്ചുച്ചത്തിൽ പറഞ്ഞു: "ഇതു യുക്തിവാദമൊന്നുമല്ല. പെൺകുട്ടികളെ സെൽഫ് റെസ്പക്റ്റില്ലാെതെ വളർത്തുന്ന ആശയെപ്പോലുളള അമ്മമാർക്ക് അതു മനസ്സിലാവില്ല."
രഘുവിനെക്കാൾ ഉച്ചത്തിൽ ആശ പറഞ്ഞു: "എന്നോട് ഷൗട്ട് ചെയ്യുന്നതെനിക്കിഷ്ടമല്ല ട്ടോ പറേഞ്ഞേക്കാം. പിന്നെ, എന്റെ അമ്മയും അമ്മുമ്മയും എന്നെ പഠിപ്പിച്ച ശീലങ്ങൾ ഞാൻ എന്റെ മോളേയും പഠിപ്പിക്കും. ആരു വിചാരിച്ചാലും അതു തടയാൻ പറ്റില്ല."
രഘു നിശബ്ദനായി.
ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന ആളാണ് രഘു. ഫെമിനിസത്തെക്കുറിച്ചുള്ള അയാളുടെ ഒരു ലേഖനം വായിച്ചിട്ടു തന്നെയാണ് ആശാലത അയാളെ ഇഷ്ടപ്പെട്ടത്. പക്ഷേ ആർത്തവ സമയത്തും സ്ത്രീകൾക്ക് വിളക്കുവെക്കുന്നതിനോ അമ്പലത്തിൽ കേറുന്നതിനോ തടസ്സമില്ലെന്ന രഘുവിന്റെ ഫെമിനിത്തോട് ആശ യോജിക്കില്ല.
രാജ്യത്തെ പ്രസിദ്ധമായ ഇംഗ്ലിഷ് ദിനപ്പത്രത്തിൽ ഈ വിഷയത്തെക്കുറിച്ച് അയാൾ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിെനെ തുടർന്ന് ആ പത്രത്തിന്റെ ലെറ്റേഴ്സ് റ്റു ദി എഡിറ്റർ കോളത്തിൽ മൂന്നു ദിവസം തുടർച്ചയായി ആ ലേഖനത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള അനേകം കത്തുകൾ പ്രസിദ്ധികരിക്കപ്പെടുകയും, അയാൾക്ക് ധാരാളം ഇമെയിൽ സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. ഇമെയിലുകളിലൊന്ന് ഒരു കന്നഡ ബ്രാഹ്മിൺ (ദത്തർ) പെൺകുട്ടിയുടേതായിരുന്നു. വീട്ടിലെ കമ്പ്യൂട്ടറിൽ അയാൾ തന്റെ മെയിൽ ഒരിക്കലും ലോഗൗട്ട് ചെയ്യാറില്ലായിരുന്നു. അയാൾക്കു വരുന്ന മെയിലുകളൊക്കെ അയാളുടെ ഭാര്യയും വായിക്കാറുണ്ടായിരുന്നു. ഈ ബ്രാഹ്മിൺ പെൺ കുട്ടിക്ക് അയാൾ കൊടുത്ത മറുപടി ആശക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ ആശ ഇക്കാര്യം അയാളോടു പറഞ്ഞില്ല.
It is a wonderful article. It amazes me how you can see it from a perspective that is so vastly different from the one that is typically associated with men. എന്നു തുടങ്ങി, I miss being in touch with you...I would like to give you my mobile number എന്നു വരെ എത്തിയ ആ കന്നട യുവതിയുടെ എല്ലാ ഇ മെയിലുകളും അവക്കെല്ലാമുള്ള രഘുവിന്റെ മറുപടികളും ആശ വള്ളിപുള്ളി വിടാതെ വായിക്കുന്നത് രഘുവിനോടു പറഞ്ഞേതേയില്ല. ഒരാൾ വീഴാൻ പോവുകയാണെന്നു കൃത്യമായി മനസ്സിലാക്കിയിട്ടും അക്കാര്യം അയാളെ അറിയിച്ച് വീഴ്ച ഒഴിവാക്കുന്നതിനുപകരം വീഴുന്നതു കാണാൻ ക്ഷമയോടെ കാത്തിരിക്കുന്നതു പോലെയായിരുന്നു അത്.
ഒരു ദിവസം ആ മൊബൈൽ നമ്പർ കൃത്യമായി ഓർത്തു പറഞ്ഞിട്ട് ആശ രഘുവിനോടു ചോദിച്ചു: "ഹൗ ഈസ് ദി ഗേൾ ഹു ഈസ് ദി ഓണർ ഓഫ് ദിസ് മൊബൈൽ നമ്പർ?" ആ നമ്പർ സത്യമായിട്ടും കാണാതെ അറിയില്ലായിരുന്ന രഘു നിഷ്കളങ്കമായി ചോദിച്ചു: "ആരുടെ നമ്പറാ ഇപ്പൊ പറഞ്ഞത് ?" വലിയ കണ്ണുകളും, ലക്ഷണമൊത്ത പുരികവും, ഭംഗിയുള്ള നുണക്കുഴിയുമൊക്കെയുള്ള ആശയുടെ സുന്ദരമായ മുഖവും, ഇന്ദിരാ ഗാന്ധിയുടേതു പോലെ നീണ്ടു സുന്ദരമായ മൂക്കും ദേഷ്യം കൊണ്ടു ചുവന്നുതുടുത്ത് പുച്ഛസ്വരത്തിൽ ആശ പൊട്ടിത്തെറിച്ചു: "വണ്ടർഫുൾ ലേഖനത്തിന്റെ കർത്താവിന് അറിയില്ല അല്ലെ? യു ആർ എ ഫ്ലർട്ട്. ഹൗ കാൻ ഐ ബിലീവ് യു? വോണ്ട് യു ഗോ ആന്റ് ലിവ് വിത്ത് ഹെർ ഈഫ് ഷി കംസ് ?"
സംഹാരരുദ്രയായ ആശയെ കണ്ട് സ്തബ്ദനായ രഘു പറഞ്ഞു: "ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കൂ ആശാ."
ആശ കലികൊണ്ടു തുള്ളിക്കൊണ്ട് അലറി: "എന്റെ പേരിനി ആ വായ കൊണ്ട് മിണ്ടരുത്. മേലെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്തിട്ടില്ല. പോയി മെയിൽ ചെയ്യ് മിസ് ദത്തർ മാലാഖക്ക്. ഇല്ലെങ്കിൽ ഷി വിൽ മിസ് യു." എന്നിട്ട് റൂമിൽക്കേറി വാതിലടച്ചു. മോളും രഘുവും എത്ര വിളിച്ചിട്ടും ആശ അന്നു രാത്രി വാതിൽ തുറക്കുകയോ അത്താഴം കഴിക്കുകയോ ചെയ്തില്ല.
പിന്നീട് ഇരുവർക്കും ഇടയിൽ അസ്വാരസ്യം ഉമിത്തീ പോലെ നീറിക്കൊണ്ടിരുന്നു. രഘു എന്തു ചെയ്താലും ആശ സംശയ ദൃഷ്ടിയോടെ കണ്ടു തുടങ്ങി. ആശയുടെ വിശ്വാസമില്ലായ്മ രഘുവിനെ ആശയിൽ നിന്നും അകറ്റിക്കൊണ്ടിരുന്നു. ഒന്നുരണ്ടു വർഷങ്ങൾ ഇങ്ങനെ സംഘർഷഭരിതമായി കടന്നുപോയി. രണ്ടു പേർക്കും പരസ്പരം വലിയ ഇഷ്ടമാണ്. പക്ഷേ രണ്ടു പേരും പരസ്പരം മനസ്സു തുറന്ന് സംസാരിച്ചില്ല. രണ്ടു പേരും താഴ്ന്നു കൊടുക്കാൻ തയ്യാറല്ലായിരുന്നു. രഘു ആശയെ വിട്ട് ആരാധികയുടെ കൂടെ ജീവിക്കുന്ന കാര്യം സങ്കല്പിച്ചിട്ടു പോലുമില്ലായിരുന്നു. ആശ പക്ഷേ രഘു ഉന്നതകുലജാതയായ, ആശയെക്കാൾ പ്രായം കുറഞ്ഞ, ആശയെക്കാൾ കൂടുതൽ രഘുവിന്റെ ഫെമിനിസ്റ്റ് ചിന്തകളുമായി ഐക്യെപ്പെടുന്ന, ആശയെപ്പോെലെത്തന്നെയോ, അതിലുമധികമോ സുന്ദരിയായ "ദത്തർ മാലാഖ"യുടെ കൂടെ ജീവിക്കുന്നതിനു വേണ്ടി, തന്നെ വിട്ടുപോകും എന്നുതന്നെ വിശ്വസിച്ചു.
പരസ്പരവിശ്വാസമില്ലായ്മയുടെയും കലഹങ്ങളുടെയും രണ്ടു വർഷങ്ങൾക്കു ശേഷം ഒരു ദിവസം ആശ രഘുവിേനോടു പറഞ്ഞു: "ഞാൻ എന്റെ ജില്ലയിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഓർഡർ വന്നാൽ അടുത്ത ദിവസം തന്നെ ഞാൻ എന്റെ വീട്ടിലേക്കു താമസം മാറും. കുട്ടിയെ അവിടെ സ്കൂളിൽ ചേർക്കും. ഇവിടത്തെ എല്ലാ സാധനങ്ങളും എന്റേതാണ്, അതെല്ലാം ഞാൻ കൊണ്ടുപോകും. പ്രശ്നമുണ്ടാക്കാനോ തടയാനോ ശ്രമിക്കരുത്. ശ്രമിച്ചിട്ടു കാര്യമില്ല. വീടിന്റെ ബാങ്കുവായ്പ അടവു കഴിഞ്ഞാൽ വീടു ഞാൻ വിൽക്കും. ബാങ്ക് വായ്പ മാസം തോറും അടക്കാമെങ്കിൽ തൽക്കാലം രഘു ഈ വീട്ടിൽ താമസിച്ചോളൂ."
രണ്ടു പേരുടെയും കൂടെ പേരിലാണ് ഹൗസിങ്ങ് ലോൺ. സ്ഥലം വാങ്ങാൻ ആശയുടെ കാശു മാത്രമാണ് ഉപയോഗിച്ചെന്നതിനാൽ രണ്ടാളുടെയും കൂടെ പേരിൽ ആധാരമാക്കാമെന്ന് ആശ നിർബന്ധിച്ചിട്ടും "അതു വേണ്ട, ആശടെ പേരിൽ മാത്രം മതി"യെന്നു പറഞ്ഞത് രഘു തന്നെയാണ്. ആ വീടു നിർമ്മിച്ചതിൽ രഘുവിന്റെ വിയർപ്പു മാത്രമല്ല ചോര കൂടെ വീണിട്ടുണ്ട്. മേലെ നിലയുടെ റൂഫ് വാർത്തു കഴിഞ്ഞ് രാവിലെ നേരെത്തെ, വാടകക്കു താമസിക്കുകയായിരുന്ന വീട്ടിൽ നിന്ന് "ആശാ, ഞാൻ റൂഫ് നനച്ചിട്ടു വരാം" എന്നു പറഞ്ഞു പോയിട്ട് മോട്ടോർ ഓൺ ചെയ്ത്, വാർപ്പിനു വേണ്ടി മുറിച്ച കമ്പികളിൽ ബാക്കി വന്ന കമ്പികൾ വെച്ചിരുന്ന ഭാഗത്തുകൂടി വീട്ടിനകത്തേക്ക് ഓടുമ്പോൾ ആ കമ്പികളിലൊരെണ്ണം അയാളുടെ കാലിൽ തുളഞ്ഞു കേറി ആകെ രക്തക്കളമായിരുന്നു. ഒരു മാസത്തിലധികം വേണ്ടി വന്നു മുറിവുണങ്ങി ശരിക്കു നടന്നു തുടങ്ങാൻ. മാത്രമല്ല ആ വീടിനു ചുറ്റുമുള്ള മരങ്ങൾ സംരക്ഷിക്കുകയും, പുതിയവ വെച്ചു പിടിപ്പിക്കുകയും ചെയ്ത് കോമ്പൗണ്ടിനെ വിവിധയിനം പക്ഷികളുടെ വാസസ്ഥലമാക്കി മാറ്റിയിരുന്നു രഘു. സൂചിമുഖിയും, ഇരട്ടത്തലച്ചിയും ചപ്പിലക്കിളിയുമൊക്കെ എല്ലാ വർഷവും വീടിനു ചുറ്റുമായി കൂടുകൂട്ടി മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത് നിരീക്ഷിക്കുന്നത് രഘുവിന്റെയും മോളുടെയും ഇഷ്ടവിനോദമായിരുന്നു. അതിനെക്കുറിച്ച് അയാൾ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വളരെയധികം പ്രകൃതി സ്നേഹികൾ അയാളെ അഭിനന്ദിച്ച് മെയിലുകൾ അയച്ചിരുന്നു. ആ വീടിനോടുള്ള അയാളുടെ വൈകാരികബന്ധം അഗാധമായിരുന്നു. അതു തകർക്കാനാണ് ആശ വളരെ ലളിതമായി "വീടിന്റെ ബാങ്കുവായ്പ അടവു കഴിഞ്ഞാൽ വീടു ഞാൻ വിൽക്കു"മെന്നു പറഞ്ഞത്. ആശ പ്രതികാരദാഹിയായി മാറിയിരിക്കുന്നു. സഹനത്തിന്റേയോ വിട്ടുവീഴ്ചയുടെയോ വഴി ആശക്ക് പരിചയമില്ലാത്തതാണ്. അങ്ങേയറ്റം സ്നേഹിക്കുക, ആ സ്നേഹത്തിനു മുറിവേറ്റാൽ, പോറലേൽപ്പിച്ചാൽ പിന്നെ പ്രതികാര ദുർഗ്ഗയാവുക, അതാണ് ആശയുടെ രീതി. രഘു മോളെക്കൊണ്ട് "അമ്മയോട് ഇങ്ങനെയൊന്നും ചെയ്യരുതെന്നു പറയൂ മോളെ" എന്നു പറഞ്ഞതു കേട്ട് മോൾ "അമ്മേ, നമുക്കീ വീടു വിട്ടു പോകണ്ട, അച്ഛനെയും വിട്ടു പോകണ്ട" എന്നു പറഞ്ഞതിന് ആശയുടെ മറുപടി "ഇത് രണ്ടു വലിയ ആളുകൾ തമ്മിലുള്ള പ്രശ്നമാണ്. കുട്ടികൾ അതിൽ ഇടപെടരുത് ട്ടൊ" എന്ന താക്കീതായിരുന്നു. ആശ ഒരു തീരുമാനമെടുത്താൽ പിന്നീട് അതിനു മാറ്റമില്ല. ആശ രഘുവിനോട് അവസാനമായി പറഞ്ഞത് "അത്ര ഈസിയായി മറ്റൊരു ജീവിതം ജീവിക്കാമെന്നു വിചാരിക്കണ്ട" എന്ന വാചകമാണ്.
മറ്റൊരു ജീവിതം രഘു ആഗ്രഹിച്ചില്ലായിരുന്നുവെങ്കിലും ആ പറഞ്ഞതിലെ ദൃഡനിശ്ചയം രഘുവിനെ ഭയപ്പെടുത്തി. മറ്റൊരു ജീവിതം സാദ്ധ്യമാകാത്ത കാര്യങ്ങൾ ആശ ചെയ്യുമെന്നോർത്തിട്ടല്ല; ഈ ജീവിതം തകർക്കാൻ തന്നെയാണ് ആശയുടെ തീരുമാനമെന്നു മനസ്സിലായതു കൊണ്ടാണ് അയാൾ ഭയന്നത്.
******
മോൾടെ എട്ടാം പിറന്നാളിനു തൊട്ടു മുമ്പ് ഒരു പുതു വർഷം തന്നെ തെരെഞ്ഞെടുത്തു ആശ വീടു മാറുന്നതിന്. കുട്ടിയുടെ പിറന്നാളിന് മാർച്ചു മാസത്തിൽ മൂന്നുപേരുമൊത്ത് ഊട്ടിയിൽ പോകാൻ രഘുവും മോളും നേരത്തെ തീരുമാനിച്ചതായിരുന്നു. മൂന്നുപേരുമൊത്തുള്ള പോക്കു നടന്നില്ല. ആദ്യമൊക്കെ രഘു ഫോൺ ചെയ്താൽ ആശ ഫോൺ കുട്ടിക്കു കൊടുക്കുമായിരുന്നു. ഊട്ടിയിലേക്ക് രഘുവും മോളും കൂടെ പോകാമെന്ന് അങ്ങനെ തീരുമാനിച്ചു. പിറന്നാളിന്റെ അടുത്തദിവസം രഘു ആശയുടെ നാട്ടിലെ ബസ് സ്റ്റാന്റിൽ ചെന്നു. ആശയുടെ അമ്മ കുട്ടിയുമായി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. കുട്ടിയെയും കൂട്ടി വീട്ടിലെത്തിയ ഉടൻ മോളു പറഞ്ഞു: "അച്ഛാ, ഞാൻ ഡയറിയും എടുത്തിട്ടുണ്ട് ട്ടൊ. ഊട്ടിയിലെ കാഴ്ചകളെക്കുറിച്ചൊക്കെ അന്നന്നുതന്നെ എഴുതാനാ."
നാലഞ്ചു മാസങ്ങൾക്കു മുമ്പ് രഘുവിന്റെ ബുക്ക്ഷെൽഫുകളിൽ നിന്ന് ആൻ ഫ്രാങ്കിന്റെ ഡയറി ഓഫ് എ യങ്ങ് ഗേൾ എന്നപുസ്തകം എടുത്തിട്ട് "അച്ഛാ ഈ ചേച്ചി എന്താ എഴുതിയിരിക്കുന്നത്?" എന്നു ചോദിച്ച മോളോട് ആൻ ഫ്രാങ്കിനെക്കുറിച്ചു പറഞ്ഞു കൊടുത്തിരുന്നു. തനിക്കു പറയാനുള്ളതെല്ലാം തന്റെ ഡയറിയെ ഉറ്റ മിത്രമായി കണക്കാക്കി, കിറ്റിയെന്നു പേരു വിളിച്ച് ഡയറിയോടു പറയുന്ന രീതിയിലുളള ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ മോൾക്കു നല്ല ഇഷ്ടമായി. തുടർന്ന് "അച്ഛൻ എനിക്കൊരു ഡയറി താ, ഞാനും ഡയറിയോടു സംസാരിക്കുന്നതുപോലെ ഡയറി എഴുതിത്തുടങ്ങട്ടെ" എന്നു പറഞ്ഞ് കമ്പ്യൂട്ടർ ടേബിളിനു മുകളിൽ ഒന്നും എഴുതാതെ വച്ചിട്ടുളള ഡയറികളിൽ ഒരു കുഞ്ഞി ഡയറി എടുത്ത് അപ്പോൾത്തന്നെ എഴുതാൻ തുടങ്ങിയിട്ട് പെട്ടന്നൊരു ചോദ്യം: "അച്ഛാ എന്റെ ഡയറിക്കും ഒരു പേരു വേണം. എനിക്കും ഡയറിയെ പേരു വിളിച്ച് എഴുതാനാ. അച്ഛനൊരു പേരു കണ്ടുപിടിക്കാമൊ?"
രഘുവിന് തന്റെ മോൾടെ ഭാവന ഇഷ്ടമായി. അയാൾ പറഞ്ഞു:
"കിറ്റി എന്നു തന്നെ ഇട്ടോളൂ."
അതു കുട്ടിക്കിഷ്ടമായില്ല.
"കിറ്റിയും കൊറ്റിയുമൊന്നും വേണ്ട. വേറൊരു പേരു പറയ്."
രഘു കുറെ പേരുകൾ ഉണ്ടാക്കിപ്പറഞ്ഞു. ഒന്നും കുട്ടിക്കിഷ്ടമായില്ല. അവസാനം രഘു ചോദിച്ചു:
"മിക്കു എന്നായാലോ?"
"യെസ്, അതു മതി, നല്ല പേര്" എന്നും പറഞ്ഞ് അപ്പോൾത്തന്നെ ഡയറിയെ പ്രിയപ്പെട്ട മിക്കു എന്നുവിളിച്ച് ആദ്യത്തെ ഡയറിക്കുറിപ്പെഴുതി. താമസം മാറിയതിനു ശേഷം കുട്ടി ഡയറിയെഴുത്ത് തുടരുന്നുണ്ടോ എന്ന് രഘുവിന് അറിയില്ലായിരുന്നു. അന്നു രാത്രി കുട്ടി ഉറങ്ങുമ്പോൾ അടുത്ത ദിവസം ഊട്ടിയിലേക്കുള്ള യാത്രയിൽ എടുക്കാനുള്ള ഡ്രസ്സും മറ്റും കൊണ്ടുവന്ന ബാഗിൽ ഡയറിയും കണ്ടപ്പോൾ രഘു അതെടുത്തു തുറന്നു നോക്കി. കൃത്യമായി എല്ലാ ദിവസവും തന്റെ മോൾ ഡയറിയെഴുതുന്നുണ്ട്! എത്ര വൃത്തിയായിട്ടാണ് എട്ടുവയസ്സുകാരി ഓരോ ദിവസത്തെയും സംഭവങ്ങൾ വാക്കുകൾ കൊണ്ടു വരച്ചിട്ടിരിക്കുന്നത്! പത്തു ദിവസം മുൻപുളള തുടർച്ചയായ രണ്ടു ദിവസങ്ങളിൽ മോളെഴുതിയിരിക്കുന്നതു വായിച്ചപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും ദേഷ്യത്തിെന്റെയും വാശിയുടെയും ഫലമായുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ആ കുഞ്ഞു മനസ്സിനെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്നു രഘുവിനു മനസ്സിലായത്. ഒന്നാമത്തെ കുറിപ്പ് ഇങ്ങനെയായിരുന്നു: "പ്രിയെപ്പെട്ട മിക്കു , ഇന്ന് അച്ഛനെ വിളിക്കാൻ ഫോൺചോദിച്ചപ്പൊ അമ്മ പറയ്യാ 'നീ അയാൾടെ കൂടെയങ്ങ് പൊക്കോ, ഞാൻ നിന്നെ പ്രസവിച്ചിട്ടില്ലെന്നു വിചാരിച്ചോളാം.' ഇതു ഞാൻ വെറുതെ പറയുകയല്ല, എന്റെ സന്തോഷം കുറയുകയും സങ്കടം ഇരട്ടിയാവുകയുമാണ് ചെയ്യുന്നത്. എനിക്കു വയ്യ. ഞാൻ എന്താ ചെയ്യണ്ടേ? നീ പറ. നിന്നെ വിഷമിപ്പിച്ചതിൽ ക്ഷമ ചോദിച്ചുകൊണ്ട്."
തൊട്ടടുത്ത ദിവസം കുട്ടി ഇങ്ങനെ കുറിച്ചിരിക്കുന്നു: "പ്രിയപ്പെട്ട മിക്കു, .....പിന്നെ രാവിലെ അമ്മ ഓഫീസിൽ പോയി. പോകുന്നതിനു മുമ്പ് ടാറ്റ പറയാൻ ഞാൻ പുറത്തുപോയപ്പോൾ അമ്മ പറയ്യാ 'എനിക്ക് നിന്നെ മകളാന്ന് പറയാൻ നാണക്കേടാ'. എനിക്ക് നല്ലോം വിഷമമായി."
ഇതു കഴിഞ്ഞ് രണ്ടു കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീരൊഴുകുന്ന ഇമോജിയും കുട്ടി വരച്ചു വെച്ചിരിക്കുന്നതു കണ്ട് രഘുവിന്റെ കണ്ണു നിറഞ്ഞു പോയി. ആശ രഘുവിനോടുള്ള ദേഷ്യം മകളോടു തീർക്കുകയാണ്. ആ കുഞ്ഞു മനസ്സിൽ അച്ഛനോടുള്ള സ്നേഹം തല്ലിക്കെടുത്താൻ ശ്രമിക്കുകയാണ്. ഒരു പക്ഷേ ആശ കാലക്രമേണ അതിൽ വിജയിക്കുമായിരിക്കും. അച്ഛനെ ഇഷ്ടപ്പെടുന്നത് അമ്മക്കിഷ്ടമല്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്ന കുട്ടി ക്രമേണ ആ സ്നേഹം പ്രകടിപ്പിക്കാതാവുകയും മറന്നു കളയുകയും ചെയ്തേക്കാം. എട്ടു വയസ്സല്ലെ ആയിട്ടുള്ളൂ പാവത്തിന്, കുഞ്ഞുകുട്ടിയല്ലെ അത്.
"അമ്മ കൂടി വേണമായിരുന്നു അച്ഛാ" എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നതിൽ നിന്ന് കുട്ടിയുടെ മനസ്സ് പൂർണ്ണമായും ആഹ്ലാദിക്കുന്നില്ലെന്നു രഘുവിനു തോന്നിയെങ്കിലും, ഊട്ടിയാത്ര കുട്ടി നന്നായി എഞ്ചോയ് ചെയ്തു. ഊട്ടി തടാകത്തിലെ താനും മോളും മാത്രമായ ബോട്ട് യാത്രയും, തടാകത്തിൽ ആരും പോകാത്ത ഭാഗങ്ങളിലേക്ക് ബോട്ട് ചവിട്ടിത്തുഴഞ്ഞു പോയതും, കുതിര സവാരിയും ഒക്കെ മോൾക്ക് വല്ലാതെ ഇഷ്ടമായി. ജുറാസിക് പാർക്കിൽ ചെന്നിട്ട് ദിനോസറിന്റെ മുട്ടത്തോടുകളുടെ ആകൃതിയിലുള്ള ശില്പങ്ങളുടെ ഉള്ളിൽ കേറിയിരുന്ന് തന്നോട് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടതും, ശബ്ദം പുറപ്പെടുവിക്കുകയും വായതുറക്കുകയും ചെയ്യുന്ന വലിയ ദിനോസർ ശില്പത്തിനു മുമ്പിൽ പേടിച്ചു പേടിച്ച് ഫോട്ടോക്ക് പോസു ചെയ്തതും ഒക്കെ മോളോടൊത്തുള്ള രഘുവിന്റെ അവസാനത്തെ ദിനങ്ങളായിരുന്നു. ആ ഫോട്ടോകളൊക്കെ അയാൾ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ഊട്ടി യാത്ര കഴിഞ്ഞ് മോളെ തിരിച്ചു കൊണ്ടാക്കിയതിനു ശേഷം ഫോൺ ചെയ്താൽ ആശ മോൾക്കു കൊടുക്കാതാവുകയും, തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മോളെ സ്കൂൾ മാറ്റുകയും മോൾ ഏത് സ്കൂളിലാണെന്ന കാര്യം പോലും രഘുവിൽ നിന്നു മറച്ചുവെക്കുകയും ചെയ്തു. ആശയുടെ ചേച്ചിയെയും ചേച്ചിടെ ഭർത്താവിനെയും ഒക്കെ രഘു വിളിച്ചുവെങ്കിലും ആരും ആശ സൃഷ്ടിച്ച കനത്ത ഇരുമ്പുമറ തരിമ്പും സുതാര്യമാക്കാൻ തയ്യാറായില്ല. രഘുവിന് ഒന്നും അറിയാതായി. മോളേതു ക്ലാസിലാ പഠിക്കുന്നതെന്നു വല്ലവരും ചോദിച്ചാൽ രഘുവിന് പെട്ടന്ന് ഉത്തരം പറയാൻ പറ്റാതായി. നാലിലാണോ അതോ അഞ്ചിലോ? അഞ്ചിലാണോ അതോ ആറിലാണോ? എന്ന സംശയമായി ഓരോ വർഷവും. മോളേത് സ്കൂളിലാണെന്ന് ആരെങ്കിലും ചോദിച്ചാൽ അയാൾ ഏതെങ്കിലും ഒരു സ്കൂളിന്റെ പേരു പറയും. സഹിക്കവയ്യാതായപ്പോൾ അയാൾ കോടതിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് നിർദ്ദേശിച്ച ഒരു വക്കീലിനെക്കണ്ട് മോളെ തന്റെ കൂടെ കിട്ടാൻ എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. "കസ്റ്റഡി ഓപി ഫയൽ ചെയ്യണം," വക്കിൽ പറഞ്ഞു. കസ്റ്റഡിയെന്ന വാക്ക് രഘുവിന് ഒട്ടും ഇഷ്ടമായില്ല, ഓപിയെന്നതു മനസ്സിലായതുമില്ല. ഓപ്പൺ പെറ്റിഷൻ ആയിരിക്കുമോ . വക്കീൽ തുടർന്നു: "ഇങ്ങെനെയൊരു കേസായതു കൊണ്ട് തീർച്ചയായും കോടതി കുട്ടിയെ അച്ഛന്റെ കൂടെ നിർത്താൻ വിധിക്കും. ഇല്ലെങ്കിൽ വിസിറ്റേഷൻ റൈറ്റ് തീർച്ചയായും ലഭിക്കും."
കുട്ടിയുടെ പിറന്നാളിന്റെ ഒരു മാസം മുമ്പ് കേസ് ഫയൽ ചെയ്യാമെന്നും, തീർച്ചയായും പിറന്നാൾ ദിവസം കുട്ടിയെ രഘുവിനെ കാണിക്കാൻ കോടതിയെക്കൊണ്ടു നിർദ്ദേശിപ്പിക്കാമെന്നുമൊക്കെ വക്കീൽ പറഞ്ഞപ്പോൾ രഘുവിന് വല്ലാത്ത സന്തോഷമായി. അടുത്ത ആഴ്ച കേസ് ഫയൽ ചെയ്യുന്ന ദിവസം കോടതിയിൽ വരാമെന്നു പറഞ്ഞപ്പോൾ വക്കീൽ വക്കാലത്തു പേപ്പറിലും, പരാതി തയ്യാറാക്കി പ്രിന്റെടുക്കാനുളള ഇളം പച്ചനിറത്തിലുള്ള രണ്ടു മൂന്നു ബ്ലാങ്ക് ഷീറ്റുകളിലും ഒപ്പിടാൻ പറഞ്ഞു. അതിലൊക്കെ ഒപ്പിട്ടു കൊടുത്തിട്ട് രഘു പറഞ്ഞു: "പരാതിയുടെ ഒരു കോപ്പി എനിക്ക് വാട്സപ്പ് ചെയ്തിട്ട് ഞാൻ വായിച്ചു നോക്കിയതിനു ശേഷം, ഞാൻ ഒപ്പിട്ട പേപ്പറിൽ പ്രിന്റെടുത്താൽ മതി ട്ടൊ."
വക്കീൽ സമ്മതിക്കുകയും രണ്ടുദിവസത്തിനുള്ളിൽ പരാതിയുടെ പകർപ്പ് രഘുവിനു വാട്ട്സപ്പ് ചെയ്യുകയും ചെയ്തു. അതു വായിച്ചു നോക്കിയപ്പോൾ രഘുവിന് ഒട്ടും തൃപ്തിയായില്ല. യാതൊരു വ്യാകരണശുദ്ധിയും, വാചക ഭംഗിയും ഇല്ലാത്ത വികൃതമായൊരു ഭാഷ. മാത്രമല്ല, "പരാതിക്കാരനോടുള്ള ദേഷ്യം എതിർ കക്ഷി (അതായത് ആശ) കുട്ടിയുടെ മേൽ തീർക്കുകയും അച്ഛനെ കാണണമെന്ന് ആവശ്യപ്പെടുമ്പോൾ കുട്ടിയെ അടിക്കുകയും ചെയ്തു വരുന്നു ......" തുടങ്ങിയ വാചകങ്ങളിൽ പറയുന്ന കുട്ടിയെ അടിക്കൽ നുണയാണ്. ആശ ഒരിക്കലും മോളെ അടിക്കില്ല. രഘു ഉടൻ വക്കീലിന് ഇങ്ങനെ മെസ്സേജയച്ചു: "മിസ്റ്റർ അഭിലാഷ്, കുട്ടിയെ എതിർകക്ഷി ദേഹോപദ്രവമേൽപ്പിക്കുന്നുവെന്ന് നിങ്ങൾ പരാതിയിൽ എഴുതിച്ചേർത്തിരിക്കുന്നത് നുണയാണ്. എന്നോടുള്ള ദേഷ്യം തീർക്കാൻ എന്റെ ഭാര്യ കുട്ടിയെ അടിക്കാറില്ല. അത്തരം വാചകങ്ങൾ പരാതിയിൽ നിന്നു നീക്കം ചെയ്യണം. വാസ്തവമല്ലാത്ത കാര്യങ്ങൾ ശത്രുക്കൾക്കെതിരെപ്പോലും ആരോപിക്കുന്നതു ശരിയല്ല."
വക്കീലിനത് ഇഷ്ടപ്പെട്ടില്ല. അങ്ങെനെയൊക്കെയാണത്രെ അത്തരം കേസുകളുടെ ഫോർമാറ്റ്. "അത്തരം ഫോർമാറ്റിലേക്ക് എന്റെ പരാതിയെ മാറ്റാൻ ഞാൻ സമ്മതിക്കില്ലെ"ന്ന് രഘു വക്കീലിനോട് കണിശമായിപ്പറഞ്ഞു. തുടർന്ന് ആ വാചകം മാറ്റിയെങ്കിലും അതിനു സമാനമായ മറ്റുചിലവ വക്കീൽ ഒഴിവാക്കിയില്ല. എന്തായാലും വക്കീലൻമാരുമായുള്ള ഇടപാട് ആകെ സുഖമില്ലാത്ത ഒന്നാണെന്ന് രഘുവിനു മനസ്സിലായി. കേസ് ഫയൽ ചെയ്യുന്ന ദിവസം പത്തരക്കു തന്നെ രഘു സിവിൽ സ്റ്റേഷനിലെത്തി കോടതി സമുച്ചയത്തിനു മുമ്പിൽ വക്കീൽ വരുന്നതും കാത്തു നിന്നു. പത്തേമുക്കാലായപ്പോൾ വക്കീലിന്റെ ഫോൺ വന്നു എത്തിയില്ലേയെന്നു ചോദിച്ചിട്ട്. താൻ കോടതികളുടെ മുമ്പിലുണ്ടെന്ന് രഘു പറഞ്ഞപ്പോൾ "കോടതികളോ?" എന്ന് വക്കീൽ. "അതെ, സിവിൽ സ്റ്റേഷനകത്ത്," എന്ന് രഘു. "അയ്യോ, ഫാമിലി കോർട്ട് അവിടെയല്ല; അത് അടുത്ത ടൗണിലാ." എന്നിട്ടയാൾ ടൗണിന്റെ പേരു പറഞ്ഞു. രഘുവിന് അതുവരെയും അക്കാര്യം അറിയില്ലായിരുന്നു. അവിടെയെത്താൻ ഇനി വേറെ ബസ് കേറണം. ഉച്ചവരെയാണ് കാഷ്വൽ ലീവ് പറഞ്ഞിരിക്കുന്നത്. ഇനി ഫാമിലി കോർട്ട് നിൽക്കുന്നിടത്തേക്കു യാത്ര ചെയ്താൽ തിരിച്ച് ഉച്ചക്ക് ഓഫീസിലെത്താൻ പറ്റില്ല. അക്കാര്യം വക്കീലിനോടു പറഞ്ഞപ്പോൾ അയാൾ കേസ് താൻ ഫയൽ ചെയ്തോളാം; കുട്ടിയെക്കൊണ്ടു വരുന്ന ദിവസം ഹാജരായാൽ മതി, തിയ്യതി അറിയിക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് രഘു തന്റെ മോളുടെ ബർത്ത്ഡേ ദിവസം അന്നാദ്യമായി ഫാമിലി കോർട്ടിലെത്തിയത്. അവിടെത്തിയിട്ട് കറുത്ത കോട്ടു ധാരികൾക്കിടയിൽ അഭിലാഷിനെ കാണാത്തതു കൊണ്ട് അയാളെ വിളിച്ചപ്പോൾ അയാൾ സിവിൽ സ്റ്റേഷനിലെ കോടതികളിലാണെന്നും, ഇവിടെ രഘുവിനു വേണ്ടി ഒരു ലേഡി വക്കീൽ ഹാജരാകുമെന്നും പറഞ്ഞു. തന്റെ കേസ് വിളിച്ചപ്പോൾ ആ ലേഡി വക്കീൽ എഴുന്നേറ്റ് "കംപ്ലയിനന്റ് ഈസ് പ്രസന്റ് യുവർ ഓണർ" എന്നു പറഞ്ഞ് വലതുകൈ കൊണ്ട് വായ പൊത്തി, പണ്ടെത്തെ ജന്മിമാർക്കു മുമ്പിൽ കുടിയാൻമാർ ഓച്ഛാനിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടപ്പോൾത്തന്നെ രഘു മനസ്സിൽ പറഞ്ഞു: "ഈ വക്കീൽ വാദിച്ചിട്ട് എനിക്കു കുട്ടിയെ കിട്ടിയതു തന്നെ."
*******
ഒരു മാസത്തിനുശേഷം, കേസിന്റെ ദിവസം രഘു പത്തരക്കുതന്നെ കോടതിയിലെത്തി. പതിവു പോലെത്തന്നെ തിരക്ക്. എല്ലാ ദിവസങ്ങളിലും കുടുംബ കോടതികളിൽ ഇത്രയും തിരക്കാകാൻ വേണ്ടത്ര ശിഥിലമായ കുടുംബ ബന്ധങ്ങളുള്ളതാണോ നമ്മുടെ സമൂഹം? ജാതി മത വ്യത്യാസമൊന്നും രഘുവിന് അക്കാര്യത്തിൽ കാണാൻ കഴിഞ്ഞില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവരുണ്ട് അവിടെ തിക്കിത്തിരക്കിനിൽക്കുന്ന പരാതിക്കാരും എതിർ കക്ഷിക്കാരും ആയ ഭാര്യാ ഭർത്താക്കൻമാരിൽ. താനും ആ കൂട്ടത്തിലൊരാളായിപ്പോയതിൽ രഘുവിന് വല്ലാത്ത ഖേദവും സ്വയം പുച്ഛവും തോന്നി.
സ്ത്രീകൾക്കിടയിൽ ആശയേയും മോളേയും തിരഞ്ഞെങ്കിലും കണ്ടില്ല. ഒരു യുവതിയുടെ കൂടെ നിന്നിരുന്ന രണ്ടാൺകുട്ടികളും യുവതി എടുത്തിരുന്ന ചെറിയ പെൺകുട്ടിയും അവരുടെ അച്ഛനെ കണ്ടയുടൻ അയാളുടെ അടുത്തേക്കു ചെന്നു. അമ്മയുടെ ഒക്കിൽ നിന്നിറങ്ങി മെല്ലെ നടന്നു വരുന്ന പെൺകുട്ടിയെ അയാൾ അങ്ങോട്ടു ചെന്ന് വാരിയെടുത്ത് ഉമ്മവച്ചു. മൂന്നുപേരും "അച്ഛാ, അച്ഛാ" എന്നു വിളിച്ച് അയാളോട് എന്തൊക്കെയോ പറയുന്നുണ്ട്. രഘുവിന് സങ്കടം തോന്നി ആ കുഞ്ഞുകുട്ടികൾ കോടതി മുറിയിൽ വന്ന് അച്ഛന്റെ സ്നേഹം പങ്കിടുന്നതിൽ. പക്ഷേ ആരെയാണ് കുറ്റപ്പെടുത്തുക? ആ അച്ഛനെയോ? അമ്മയേയോ? കണ്ടിട്ട് രണ്ടു പേരും പ്രശ്നക്കാരാണെന്നു തോന്നുന്നില്ല. തന്നെയും ആശയെയും കണ്ടാലും രണ്ടു പേരും പ്രശ്നക്കാരാണെന്ന് ആരും പറയില്ലല്ലൊ. കുടുംബമെന്നത് വളരെ ഗംഭീരമായ ഒരു സംഗീതമാണ്. പക്ഷേ നേരിയൊരു അപസ്വരം എങ്ങനെയെങ്കിലും ഉണ്ടായാൽ അതു പിന്നെ മൊത്തം സംഗീതത്തെയും തകർത്തുകളയും; സഹിക്കാൻ കഴിയാത്ത അപശബ്ദമാക്കിക്കളയും. ഭാര്യയെ പേരല്ലാതെ എടീ എന്നു വിളിക്കുകയോ, നീ എന്നു പറയുകയോ, ഭാര്യയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുമ്പോൾ ഒരിക്കൽപ്പോലും അവൾ എന്ന സർവ്വനാമം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലാത്ത വ്യക്തിയാണയാൾ. എന്നിട്ട് അയാളുടെ കുടുംബമാകുന്ന സംഗീതവും അപസ്വരം കേരി വികൃതമായില്ലെ.
പതിനൊന്നേകാലിന് ജഡ്ജി വന്നയുടൻ ആ കുട്ടികളുടെ അച്ഛന്റെയും അമ്മയുടെയും പേരു വിളിച്ചു. അമ്മയോട് കുട്ടികളെ ഒരു മണിക്കൂർ അച്ഛന്റെ കൂടെ ചെലവഴിക്കുന്നതിന് വിട്ടാക്കാൻ പറഞ്ഞു. കുട്ടികൾ അച്ഛന്റെ കൂടെ കോടതി മുറിക്കു പുറത്തേക്കു പോയി. അടുത്തതായി രണ്ടുപേരെ വിളിച്ചു. സ്ത്രീകളുടെ ഭാഗത്തു നിന്ന് മൂന്നോ നാലോ വയസു പ്രായമുളള, മാലാഖയെന്നു തോന്നിക്കുന്ന, ഒരു കുഞ്ഞിനെയെടുത്ത് ഒരു യുവതിയും, ആണുങ്ങളുടെ ഭാഗത്തു നിന്ന്, സിനിമകളിൽ ഡ്രഗ് അഡിക്റ്റ് ആയി കാണാറുള്ള കഥാപാത്രങ്ങളെ പോലെ തോന്നുന്ന അജാനബാഹുവായ ഒരാളും ജഡ്ജിയുടെ ഇടതും വലതും ഭാഗങ്ങളിൽ ചെന്നു നിന്നു. യുവതിയോട് ജഡ്ജി അച്ഛന്റെ കൂടെ ഒരു മണിക്കൂർ ചെലവഴിക്കുന്നതിന് കുട്ടിയെ കൊടുക്കണമെന്നു പറഞ്ഞു. വലിയ കണ്ണുകളിൽ സങ്കടം നിഴലിച്ചിരുന്ന യുവതി ശരിയെന്ന് തലകുലുക്കി സമ്മതിച്ചു. അജാനബാഹു ഇടതു വശത്തു കൂടിയും, യുവതിയും മാലാഖക്കുഞ്ഞും വലതു വശത്തുകൂടിയും കോടതി മുറിയുടെ പുറകിലേക്കുവന്നു. അജാനബാഹു കുട്ടിയുടെ നേർക്ക് കൈകൾ നീട്ടി. കുട്ടി അമ്മയുടെ കഴുത്തിൽ മുറുകെ ചുറ്റിപ്പിടിച്ചു. അജാനബാഹു കുട്ടിയെ അമ്മയിൽ നിന്നും വേർപെടുത്താൻ ശ്രമം തുടങ്ങിയതും ആ കുഞ്ഞുകുട്ടി പേടിച്ചുവിറച്ച് അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ നിസ്സഹായനായി അടുത്തു നിൽക്കുന്നുണ്ട്. കുട്ടിയെ അജാനബാഹു അമ്മയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി, കോടതി മുറിക്കു പുറത്തേക്കു കൊണ്ടുപോയി. കുട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു. ആ കുഞ്ഞുകുട്ടിയുടെ നിർത്താതെയുളള കരച്ചിൽ രഘുവിന്റെ കാതുകളിൽ വന്നടിച്ച് അയാളുടെ മനസ്സിനെ പ്രക്ഷുബ്ദമാക്കി. ജഡ്ജിക്കു പറയാമായിരുന്നില്ലെ കരയുന്ന കുട്ടിയെ പിടിച്ചു വാങ്ങരുതെന്ന്? ജഡ്ജിയോ, കറുത്ത കോട്ടുധാരികളോ, കോടതി മുറിയിൽ കൂടി നിൽക്കുന്ന മറ്റുമനുഷ്യരോ ആ കുഞ്ഞുകുട്ടിയുടെ ഹൃദയം പിളർക്കുന്ന കരച്ചിൽ കേൾക്കുന്നതായിപ്പോലും തോന്നിയില്ല. ജഡ്ജി മറ്റൊരു കേസുകെട്ടിലാണ്. ജനങ്ങൾ അടുത്ത കേസുകെട്ട് തങ്ങളുടേതാണോ എന്ന ആകാംക്ഷയിലാണ്. അതിനിടയിൽ ഒരു കൊച്ചു കുട്ടിയുടെ സങ്കടവും കരച്ചിലുമൊന്നും ആർക്കും ഒരു വിഷയമേ ആകുന്നില്ല. ഇത്തരം ഹൃദയഭേദകമായ രംഗങ്ങൾ കുടുംബ കോടതികളിൽ നിത്യ സംഭവങ്ങളായിരിക്കാം. താനും കുറെ നാൾ ഇവിടെക്കേറിയിറങ്ങിക്കഴിഞ്ഞാൽ ഇത്തരം രംഗങ്ങൾ കണ്ട് വിഷമിക്കില്ലായിരിക്കും. പക്ഷേ രഘുവിന്റെ മനസ്സു പറഞ്ഞു: "ഇല്ല, ഒരു കുഞ്ഞുകുട്ടിയുടെ കരച്ചിൽ തനിക്കൊരിക്കലും സഹിക്കാൻ കഴിയില്ല. അത്തരം രംഗങ്ങൾ അരങ്ങേറുന്ന ഈ ഇടത്തിലേക്ക് അധികനാൾ വരാനും തനിക്കാവില്ല." ആ അച്ഛന് അമ്മയിൽ നിന്നു വരാൻ കൂട്ടാക്കാതെ കരയുന്ന മകളെ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങാൻ വയ്യെന്ന് സ്വയം തീരുമാനിച്ചു കൂടായിരുന്നോ? രഘുവിന് തന്റെ മോളെ കോടതി മുറിയിലെത്തിക്കാനുള്ള തന്റെ ശ്രമങ്ങൾ വേണ്ടായിരുന്നു എന്നു തോന്നി. അയാൾ ഗ്രില്ലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ആദ്യം അച്ഛന്റെ കൂടെ പോയ മൂന്നു കുട്ടികളും അച്ഛനും കൂടെ ആ കട്ട്റോഡിലൂടെ അവരുടെ കാറിനടുത്തേക്കു നടക്കുന്നതു കണ്ടു. ആ മൂന്നു കുട്ടികളും അവരുടെ അച്ഛനോട് ഇപ്പോഴും നിർത്താതെ വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കുകയാണെന്ന് രഘുവിനു കാണാൻ കഴിഞ്ഞു. ആ കുട്ടികളെപ്പോലെ തന്റെ മോളും തന്നെക്കണ്ടയുടൻ തന്റടുത്തേക്ക് വരുമെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
ഇപ്പൊ അയാൾക്ക് ഒരു കാര്യം മനസ്സിലായി. കുട്ടികളെ കൊണ്ടുവന്നിട്ടുള്ള കേസുകളാണ് ആദ്യം വിളിക്കുന്നത്. മോളെ ആശ കൊണ്ടുവന്നിരുന്നെങ്കിൽ തന്റേതും ഇപ്പൊ വിളിച്ചേനെ. അപ്പോൾ ഇന്നും മോളെ കാണാൻ കഴിയില്ലെന്ന് അയാൾ ഊഹിച്ചു. കേസുവിളിച്ചപ്പോൾ അയാൾ മുമ്പിലേക്കു ചെന്നു. മറുവശം ഇന്നും ശൂന്യം തന്നെ. ആശയുടെ വക്കീൽ എഴുന്നേറ്റു നിന്നിട്ട്, കുട്ടിക്ക് പനിയായതിനാൽ അവരുടെ കക്ഷിക്ക് കുട്ടിയെ കൊണ്ടുവരാൻ പറ്റിയില്ലെന്നു പറഞ്ഞു. രഘുവിനെ പ്രതിനിധീകരിച്ച് അഭിലാഷിന്റെ ജൂനിയർ വക്കീൽ പതിവു പോലെ എഴുന്നേറ്റ് വായ പൊത്തി നിൽക്കുന്നുണ്ട്, ഒരക്ഷരം മിണ്ടാതെ. ജഡ്ജി ആശയുടെ വക്കീലിനോട് ഹൗ ഓൾഡ് ഈസ് ദി ചൈൽഡ് എന്നു ചോദിച്ചു. ആ ലേഡി അഭിലാഷിന്റെ ജൂനിയറായ ലേഡിയെ നോക്കി. അഭിലാഷിന്റെ ജൂനിയർ വക്കീൽ രഘുവിനെ നോക്കി! കുട്ടിയുടെ പ്രായം മാത്രമല്ല ജനനത്തിയ്യതി വരെ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പൊ പരാതി ജഡ്ജി വായിച്ചു നോക്കിയിട്ടില്ലെന്നുറപ്പായി. പോട്ടെ പരാതിക്കാരനെ പ്രതിനിധീകരിക്കുന്ന വക്കീലിനോ മറ്റേ വക്കീലിനോ അറിയണ്ടെ? കഷ്ടം. കാശു വാങ്ങിക്കുന്നതിലല്ലാതെ കേസു പഠിക്കുന്നതിലൊന്നും വക്കീലൻമാർക്കു താല്പര്യമില്ലെന്നു മനസ്സിലായി രഘുവിന്. രഘു നേരിട്ട് ജഡ്ജിയോടു പറഞ്ഞു: "ദി ചൈൽഡ് ഈസ് റ്റ്വൽവ് ഇയേഴ്സ് ഓൾഡ്." പക്ഷേ ജഡ്ജി രഘു പറയുന്നത് ശ്രദ്ധിക്കുന്നില്ല. വക്കീലൻമാരുടെ മുഖത്തു നോക്കിക്കൊണ്ട് വീണ്ടും ചോദിക്കുകയാണ് കുട്ടിയുടെ പ്രായം. രഘു പറയുന്നതു കേട്ട രണ്ടു പക്ഷത്തെ വക്കീലുമാരും ഒരുമിച്ചു പറഞ്ഞുകൊടുത്തു "റ്റ്വൽവ്" എന്ന്. അടുത്ത തവണ കുട്ടിയെ നിർബന്ധമായും ഹാജരാക്കണമെന്നു പറഞ്ഞ് ജഡ്ജി കേസ് വീണ്ടും മാറ്റിവെച്ചു. ഇത്തവണ പക്ഷേ ഒരാഴ്ചക്കപ്പുറത്തുള്ള ഒരു തിയ്യതിയിലേക്കാണു മാറ്റിയത്.
ആ ദിവസം രഘു പതിനൊന്നു മണിക്കാണ് കോടതിയിലെത്തിയത്. പതിവു പോലെ തിരക്കു തന്നെയാണ്. കോടതിമുറിക്കകത്തു കടന്നയുടൻ അയാൾ സ്ത്രീകളുടെ ഭാഗത്തേക്കു നോക്കി. അതാ ആശ നിൽക്കുന്നു. ആശയോടു ചേർന്ന് തന്റെ മോൾ നിൽക്കുന്നു. ആളു വലുതായിട്ടുണ്ട്. തന്റെ കയ്യിൽത്തൂങ്ങി നടന്ന് നിർത്താതെ സംസാരിച്ചിരുന്ന തന്റെയാ കുസൃതിക്കുട്ടിയാണോ ഇതെന്ന് അയാൾ അതിശയിച്ചു. പരിസരം മറന്ന് അയാൾ മേൾടെ അടുത്തു ചെന്ന് "കുഞ്ഞിപ്പാപ്പേ" എന്നു വിളിച്ചു. കുട്ടി തന്നെയൊന്നു നോക്കിയിട്ട് ഒരക്ഷരം മിണ്ടാതെ അമ്മയുടെ കൈ ചേർത്തുപിടിച്ച് കുറച്ചു കൂടി അമ്മയിലേക്കു ചേർന്നു നിന്നു. താൻ കൊതിച്ച ആ അച്ഛാ വിളി അയാൾക്കു കിട്ടിയില്ല. അയാളുടെ ഹൃദയം നുറുങ്ങുന്ന ശബ്ദം അയാൾ കേട്ടു. അയാൾക്ക് കണ്ണുകളിൽ ഇരുട്ടു കയറുന്നതായി തോന്നി. അയാളുടെ കൺമുന്നിൽ ഇപ്പോൾ യാതൊന്നും ഇല്ല. കോട്ടുധാരികളില്ല, ഇടതു വശത്തു നിൽക്കുന്ന ആണുങ്ങളോ വലതു വശത്തു നിൽക്കുന്ന പെണ്ണുങ്ങളോ ഇല്ല. അയാൾക്ക് കോടതി മുറിയിൽ നിന്നോടിപ്പോകാൻ തോന്നി. പെട്ടന്ന് അയാൾ ആ മണിയടി ശബ്ദം കേട്ടു; തുടർന്ന് തന്റെയും ആശയുടെയും പേരു വിളിക്കുന്നതും. ഒരു യന്ത്രത്തെപ്പോലെ അയാൾ ആരുടെയൊക്കെയോ കാലുകളിൽ അറിയാതെ ചവിട്ടിക്കൊണ്ട് മുമ്പിലേക്കു നടന്നു. ജഡ്ജി ആശയോട് കുട്ടിയെ ഒരു മണിക്കൂർ രഘുവിന്റെ കൂടെ വിടാൻ പറഞ്ഞു. ആശ തലയിളക്കി സമ്മതമറിയിച്ചു.
രഘുവിന് ഒരു മണിക്കൂറൊന്നും വേണ്ടെന്നു പറയാൻ തോന്നി. പക്ഷേ ജഡ്ജിനോട് കക്ഷികൾ സംസാരിച്ചുകൂടല്ലൊ. അയാൾ പുറകിലേക്ക് വന്നു മോളുടെ അടുത്തു ചെന്ന് കൈ നീട്ടി. കുട്ടി കൈപിടിക്കാൻ വിസമ്മതിച്ചു. തന്റെ കൂടെ കോടതി മറിക്കു പുറത്തേക്കു വന്ന മോളോട് താഴെയിറങ്ങി മോൾക്കിഷ്ടമായിരുന്ന ആ ഹോട്ടലിൽ ചെന്ന് ഫ്രൂട്ട് സാലഡ് കഴിക്കാമെന്നു പറഞ്ഞിട്ട് കുട്ടി വരാൻ കൂട്ടാക്കിയില്ല. ബുക്ക്ഷോപ്പുകളിൽ പോയി തിരിച്ചു വരുമ്പോൾ ഫ്രൂട്ട് സാലഡ് കഴിക്കാൻ വേണ്ടി മാത്രം അവിടെയിറങ്ങാൻ നിർബന്ധിക്കാറുള്ള കുട്ടിയായിരുന്നു! താൻ കുട്ടിയെ പുറത്തേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതു കണ്ട ആശ ആ ശ്രമം തടയാൻ വക്കീൽ ഗുമസ്തനെ വിട്ടു. അയാൾ രഘുവിനോട് "കുട്ടിയെ പുറത്തു കൊണ്ടുപോകാൻ പാടില്ല; ആ കാണുന്ന റൂമിൽ ഇരുന്നു സംസാരിച്ചോളൂ" എന്നു പറഞ്ഞയുടൻ കുട്ടി ആ റുമിലേക്കു കേറി. എന്റെ മോളെ പുറത്തു കൊണ്ടുപോകാൻ പാടില്ലെന്നു പറയാൻ നീയാരെടാ എന്ന് ആ ഗുമസ്തനോടു ചോദിക്കാനാണ് രഘുവിനു തോന്നിയത്. പക്ഷേ ദേഷ്യവും സങ്കടവും അടക്കി അയാൾ മോൾടെ കൂടെ ആ റുമിൽ കേറി. അവിടെയുളള ഒരു ടേബിളിന്റെ ഇരുവശവുമുള്ള കസേരകളിലൊന്നിൽ അയാൾ ഇരുന്നു. തൊട്ടടുത്ത കസേരയിൽ മോളോട് ഇരിക്കാൻ പറഞ്ഞത് അനുസരിക്കാതെ, കുട്ടി കുറച്ചപ്പുറത്തുകിടക്കുന്ന കസേരയിൽ ചെന്നിരുന്നു.
"മോൾക്ക് അച്ഛനെ കാണാൻ തോന്നാറില്ലെ മോളെ?" എന്നയാൾ തികച്ചും മനസ്സു തകർന്നു ചോദിച്ചു.
"ഇല്ല," ഉടൻ വന്നു മറുപടി.
"എന്താ കാരണം?"
മൗനം.
"കുഞ്ഞൂസേ...."
"എന്റെ പേര് കുഞ്ഞൂസല്ല."
"അച്ഛൻ മോളെ അങ്ങെനെയല്ലെ വിളിക്കാറ്?"
മൗനം
"മോളേത് സ്കൂളിലാ പഠിക്കുന്നത്?"
"എന്തിനാ?"
"അറിയാൻ വേണ്ടി."
"അറിയണ്ട. അറിഞ്ഞിട്ട് എന്നെക്കാണാൻ സ്കൂളിലേക്കു വരാനാണോ?"
"എന്താ അച്ഛൻ വരുകയാണെങ്കിൽ മോൾക്കിഷ്ടമല്ലെ?"
"അല്ല.''
കുട്ടി ഇതുവരെയും അയാളെ അച്ഛാ എന്നു വിളിച്ചിട്ടില്ലെന്ന് അയാൾ ഉൾക്കിടിലത്തോടെ ഓർത്തു.
"മോളെന്താ അച്ഛനെ അച്ഛാ എന്നു വിളിക്കാത്തത്?"
മൗനം.
"കുഞ്ഞൂസേ...."
മൗനം.
"മോളിപ്പൊ ഡയറി എഴുതാറുണ്ടോ?"
"ഇല്ല."
"അതെന്താ?"
മൗനം.
"മോള് അച്ഛനെ വിളിക്കാൻ ഫോൺ ചോദിച്ചിട്ട് അമ്മ തരാത്തതിലുള്ള വിഷമം ഡയറിയിൽ എഴുതിയതോർമ്മയില്ലെ?"
ആശയെപ്പോലെ നുണക്കുഴിയുളള കുട്ടിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. രൗദ്ര ഭാവത്തിൽ അയാളെ നോക്കിക്കൊണ്ട് കുട്ടി പറഞ്ഞു:
"അച്ഛനിക്കാര്യം വല്യച്ഛനോടു പറഞ്ഞതൊക്കെ ഞാനറിഞ്ഞു. മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ലെന്ന് അച്ഛനറിയില്ലെ? അച്ഛന് മാനേഴ്സില്ലെ?"
"അച്ഛൻ അച്ഛന്റെ മോളുടെ ഡയറിയല്ലെ വായിച്ചത്? അമ്മ പറഞ്ഞു തന്നതാണോ മറ്റുള്ളവരുടെ ഡയറി വായിക്കുന്നത് മാനേഴ്സില്ലായ്മയാണെന്ന്?"
"അല്ല; എനിക്കറിയാം."
തികഞ്ഞ രോഷത്തിലാണെങ്കിലും മൂന്നു തവണ കുട്ടി തന്നെ അച്ഛനെന്നു പറഞ്ഞതിൽ അയാളുടെ മനസ്സ് ആഹ്ളാദിച്ചു.
കോടതി അനുവദിച്ച സമയത്തിൽ ഒരുപാടു നേരം ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും അയാൾ കുട്ടിയെ അമ്മയെ ഏൽപ്പിച്ച് പോകാൻ തീരുമാനിച്ച അതേ നിമിഷം കുട്ടി അയാേളോട് മൊബൈൽ ആവശ്യപ്പെട്ടു.
"എന്തിനാ?"
"ഒരു മണിക്കൂർ കഴിയാൻ ഇനി എത്ര നേരമുണ്ടെന്നറിയാനാ."
"ഒരു മണിക്കൂർ തികയണമെന്നില്ല. മോളമ്മടടുത്തേക്കു പൊക്കോളൂ," എന്നു പറഞ്ഞ് അയാൾ എഴുന്നേറ്റ് "അച്ഛന്റെ കൂടെ ഒരു സെൽഫി എടുക്കാമോ?" എന്നു ചോദിച്ചു.
"ഇല്ല."
"വിഷു കഴിഞ്ഞതല്ലെ, അച്ഛൻ കൈ നീട്ടമായി കുറച്ചു രൂപ തന്നോട്ടെ?"
"വേണ്ട."
തന്നെ കാത്തു നിൽക്കാതെ കുട്ടി ആശടടുത്തേക്ക് ഓടിപ്പോയി.
വൃണിത ഹൃദയനായി അയാൾ വീണ്ടും കോടതി മുറിയിൽ പ്രവേശിച്ചു. കുട്ടി ആശടെ അരികിൽ ചെന്ന് ചേർന്നു നിൽക്കുന്നതു കണ്ടു. അയാൾ തന്റെ വക്കീലിനെക്കണ്ട് പോവുകയാണെന്നു പറഞ്ഞു. "കേസ് ഇനിയും വിളിക്കും. എന്നേക്കു മാറ്റിയെന്ന് അപ്പോഴറിയാം" എന്നു പറഞ്ഞ ആ സ്ത്രീയോട് അതറിയണമെന്നില്ലെന്നും അഭിലാഷിനെ വിളിച്ചോളാമെന്നും പറഞ്ഞു. ആശടെ വക്കീൽ അവരുടെ കക്ഷിക്ക് (അതായത് അയാളുടെ ഭാര്യക്ക് ) യാത്രാബത്ത കൊടുക്കണമെന്നു പറഞ്ഞപ്പോൾ ആയിരം രൂപ ആശയുടെ നേർക്കു നീട്ടി. ആശ വാങ്ങിയില്ല, മുഖത്തു നോക്കുക കൂടി ചെയ്തില്ല. കാശ് മോളുടെ കയ്യിൽ വച്ചു കൊടുത്ത് കോടതി മുറിയിൽ നിന്ന് രഘു എന്നെന്നേക്കുമായി പുറത്തുകടന്നു.
********
ഉച്ചക്കു ശേഷം ഓഫീസിലെത്താമെന്നു പറഞ്ഞിരുന്നെങ്കിലും അന്നയാൾ ഓഫീസിൽ ചെന്നില്ല. മോളെയും കൂട്ടി മാസത്തിൽ രണ്ടു തവണ ചെല്ലാറുണ്ടായിരുന്ന ചിൽഡ്രൻസ് പാർക്കിൽ ചെന്ന് വെറുതെ ഇരുന്നു. മോൾടെ ഹരമായിരുന്ന സ്ലൈഡിങ്ങ് പാഡിൽ കുട്ടികൾ ഉരുതി ഇറങ്ങുന്നതും, മോളെ ഇരുത്തി ആട്ടിയിരുന്ന വിവിധ തരം ഊഞ്ഞാലുകളും എല്ലാം നോക്കിക്കൊണ്ട്, "കുഞ്ഞുസേ മതി, വാ പോകാം. ഇനി വൈകിയാൽ ബസ് കിട്ടില്ല" എന്നു താൻ പറയുമ്പോൾ, "അച്ഛാ, പ്ലീസ് അച്ഛാ, രണ്ടു തവണ കൂടെ സ്ലൈഡ് ചെയ്യട്ടെ" എന്നു പറഞ്ഞ് സ്ലൈഡിംഗ് പാഡിന്റെ കോണി കേറാൻ ഓടുന്ന മോളെ മനസ്സിൽ വീണ്ടും വീണ്ടും കണ്ടു കൊണ്ട് അയാൾ ആ പാർക്കിൽ ഇരുന്നു. ആ ഇരിപ്പിൽ അയാളുടെ മനസ്സ് പന്ത്രണ്ടു വർഷം മുമ്പത്തെ ഒരു മാർച്ചു മാസത്തിൽ തന്റെ മോൾ ജനിച്ച ദിവസത്തിലേക്ക് യാത്ര ചെയ്തു. രാവിലെ നേരത്തെ സിസേറിയൻ കഴിഞ്ഞ്, ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നഴ്സ് "ആശാദേവിടെ ബന്ധുക്കളെവിടെ?" എന്നു ചോദിക്കുന്നതു കേട്ട് ലേബർ റൂമിനു മുമ്പിൽത്തന്നെ നിൽക്കുകയായിരുന്ന താൻ ഓടിച്ചെന്ന് മോളെ വാങ്ങി ദേഹത്തോടു ചേർത്തുപിടിച്ച് മുഖത്തേക്കുനോക്കിയപ്പോൾ തന്റെ കുഞ്ഞ് ആ കുഞ്ഞിക്കണ്ണുകൾ മുഴുവൻ തുറന്ന് തന്റെ മുഖത്തു നോക്കി ചിരിച്ച ആ രംഗം രലുവിന്റെ മനസ്സിൽ കല്ലിലെന്നപോലെ കൊത്തിവെക്കപ്പെട്ടു കിടക്കുന്നുണ്ട്. മൂന്നുവയസ്സുവരെയും ആശ ആശടെ വീട്ടിൽപ്പോകുന്ന ദിവസങ്ങളിൽ, താനില്ലാതെ തന്റെ മോൾ പോകില്ലായിരുന്നു. തന്റെ നാട്ടിൽ നിന്ന് ആശടെ നഗരത്തിലേക്ക് കാലത്ത് ഏഴു മണിക്ക് നേരിട്ട് ഒരു ബസ്സുണ്ട്. വീട്ടിൽപ്പോകുന്ന സമയത്ത് ആ ബസ്സിലാണ് ആശ പോകാറുണ്ടായിരുന്നത്. ഒമ്പതരക്ക് ബസ് ആശടെ ടൗണിലെത്തും. അതിനുമുമ്പ് മോളെഴുന്നേറ്റ് "അച്ഛാ അമ്മയെമ്പടെപ്പോയ്?" എന്നു ചോദിക്കും. "അമ്മടെ വീട്ടിപ്പോയി, നാളെ വരും ട്ടൊ" എന്നു താൻ പറയും. അതോടെ ആ വിഷയം കഴിഞ്ഞു. തന്റടുത്തു കിടന്ന് തന്നെക്കൊണ്ടു കഥകൾ പറയിച്ച് അതു കേട്ടുകൊണ്ടാണ് കുട്ടി ഉറങ്ങാറുണ്ടായിരുന്നത്. നാലു വയസ്സുള്ളപ്പോൾ ഒരു ദിവസം രാത്രി താൻ കഥ പറഞ്ഞു കൊടുക്കുകയാണ്. ബെഡ്ഡിൽ ചുമരോടു ചേർന്ന് കുട്ടിയും നടുവിൽ താനും കിടക്കുന്നതിനരികിൽ ആശ "ഞാനും കഥ കേൾക്കട്ടെ" എന്നു പറഞ്ഞ് വന്നു കിടന്നതും കുട്ടി ചോദിച്ചു: "അമ്മേ, അമ്മക്ക് ടീവി കാണണ്ടെ?" ആ ചോദ്യം ആശക്ക് ഒട്ടും ഇഷ്ടമായില്ല. ആശ പെട്ടന്ന് എഴുന്നേറ്റ്, "നിനക്കിപ്പൊ ഞാനിവിടന്ന് പോണം. അതല്ലെ നിന്റെ ആവശ്യം? ഞാൻ പൊക്കോളാം" എന്നും പറഞ്ഞ് അപ്പുറത്തെ ബെഡ് റൂമിൽച്ചെന്നു കിടന്നു. അങ്ങനെയുള്ള മോളാണിന്ന് അയാളോട് അപരിചിതനെപ്പോലെ പെരുമാറിയത്!
ഓർമ്മകളുടെ വേലിയേറ്റത്തിൽ മണിക്കൂറുകൾ കടന്നുപോയത് രഘു അറിഞ്ഞില്ല. നാലുമണിക്കു ശേഷം പാർക്കിൽ നിന്നെഴുന്നേറ്റ് അഭിലാഷിന്റെ വക്കീലാഫീസിലെത്തി.
രഘുവിനെ കണ്ടയുടൻ അയാൾ ചോദിച്ചു:
"കുട്ടിയെന്തു പറഞ്ഞു?"
രഘു അയാളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. മറിച്ച് അയാളോട് ഇങ്ങനെ പറഞ്ഞു:
"അഭിലാഷ്, കേസ് നോട്ട്പ്രസ്സ് ചെയ്തോളൂ. കേസ് തുടരാൻ എനിക്കു താൽപര്യമില്ല. നോട്ട്പ്രസ്സ് ചെയ്യുന്നതിന് ഞാൻ വല്ലതും എഴുതിത്തരണമെങ്കിൽ തരാം."
"എന്താ കുട്ടിടെ റെസ്പോൺസ് നെഗറ്റീവായിരുന്നോ? അങ്ങനെയൊക്കെ ഉണ്ടാകും. മൂന്നു നാലുവർഷമായില്ലെ അച്ഛനെ കണ്ടിട്ട്. രണ്ടു മൂന്നുതവണ കോടതിയിൽ കൊണ്ടുവന്ന് ഇടപഴകുമ്പോൾ ശരിയാവും."
"അഭിലാഷ്, ഇനി ഒരു തവണ പോലും എന്റെ കുട്ടിയെ കോടതിയിലേക്ക് വലിച്ചിഴക്കാൻ ഞാൻ സമ്മതിക്കില്ല. നിങ്ങൾ കേസ് നോട്ട്പ്രസ്സ് ചെയ്തോളൂ. ഞാൻ വല്ലതും എഴുതിത്തരണോ?"
മുതിർന്ന രണ്ടു വ്യക്തികളായ താനും ഭാര്യയും തമ്മിലുള്ള വാശിയുടെയും വൈരാഗ്യത്തിന്റെയും ഫലമായി തങ്ങളുടെ മോൾ കോടതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നത് കുട്ടിയുടെ മാനസ്സിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് അന്ന് കോടതിയിൽ വെച്ചു കുട്ടിയുടെ പെരുമാറ്റം നിരീക്ഷിച്ചതിൽ നിന്നു തനിക്കു മനസ്സിലായെന്നും ആയതിനാൽ, കുട്ടിയെ ഇനിയും കോടതിയിൽ വരുത്തിക്കുന്നതിൽ താല്പര്യമില്ലന്നും, കേസ് തുടരാനാഗ്രഹിക്കുന്നില്ലെന്നും ഇംഗ്ലീഷിൽ എഴുതി ഒപ്പിട്ട് അഭിലാഷിനെ ഏൽപ്പിച്ച് രഘു കേസുകെട്ടുകളെക്കൊണ്ടു നിറഞ്ഞ, ശ്വാസം മുട്ടുന്ന, ആ റൂമിൽ നിന്നു പുറത്തു കടന്ന് വീട്ടിലേക്കുള്ള ബസു കേറാൻ മുൻസിപ്പൽ സ്റ്റാന്റിലേക്ക്, ദൂരം കുറച്ചധികമുണ്ടെങ്കിലും, ഓട്ടോറിക്ഷയിൽ പോകുന്നതിനു പകരം നടന്നു. വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണടിയും ഇരമ്പവും ഒന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നത് "അച്ഛന് മാനേഴ്സില്ലെ?" എന്ന രോഷാകുലമായ ചോദ്യം മാത്രം.
മിടുക്കിയാണ് തന്റെ മോൾ. ആരുടെ മുമ്പിലും തല കുനിക്കില്ല, തോൽക്കില്ല, മുട്ടുമടക്കില്ല. അങ്ങനെയാണ് താൻ, അങ്ങനെയാണ് ആശ. പിന്നെ മോളങ്ങനെയല്ലാതാകുമോ? അയാൾക്ക് തന്റെ മോളെക്കുറിച്ച് അഭിമാനം തോന്നി. പക്ഷേ കുട്ടി തന്നെ അച്ഛാ എന്നു വിളിച്ചില്ലല്ലൊ എന്നോർത്ത്, ഇനിയൊരിക്കലും ആ വിളി കേൾക്കാനിടയില്ലെന്നോർത്ത്, ഒരു പക്ഷേ ജീവിതത്തിൽ താനിനി മോളെ കാണാനേ ഇടയില്ലെന്നോർത്ത്, അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കുട്ടി വലുതായിട്ട് അച്ഛനെ അന്വേഷിച്ച് വരുമെന്നും ഈ വിഷമത്തിനെല്ലാം പരിഹാരമാകുമെന്നും സങ്കല്പിക്കാം. പക്ഷേ സിനിമയല്ല ജീവിതം. സിനിമയിൽ നടക്കുന്നതൊക്കെ സിനിമയിൽ മാത്രം നടക്കുന്നതാണ്; യഥാർത്ഥ ജീവിതവുമായി അതിനു യാതൊരു ബന്ധവുമില്ല. അഥവാ ഇനി അങ്ങനെ സംഭവിച്ചാൽത്തന്നെയും കുട്ടിയുടെ ബാല്യകാലം കലുഷിതമായതിന്, തന്റെയും ആശയുടെയും കുടുംബജീവിതം ശിഥിലമായതിന്, മകൾക്ക് അച്ഛന്റെയും അച്ഛന് മകളുടെയും സ്നേഹം നിഷേധിക്കപ്പെട്ടതിന്, താൻ അനുഭവിച്ച നിതാന്തമായ ഏകാന്തതക്ക്, ഒക്കെ പരിഹാരമാകുമൊ? ഇല്ലെന്നു നിശ്ചയം. ആരെയാണ് കുറ്റപ്പെടുത്തുക? ആശ എന്തിനാണിത്രയും പ്രതികാരദാഹം കാണിക്കുന്നതെന്ന് തനിക്കു ചോദിക്കാം. ആശക്ക് അതിന് ആശയുടേതായ ന്യായം കാണും. താൻ ഇതനുഭവിക്കേണ്ടതാണെന്ന് ആശ ഉറച്ചു വിശ്വസിക്കുന്നുണ്ടാകും. അതുകൊണ്ടാണ് കോടതിയിൽ വച്ച് ആശ തന്റെ മുഖത്തു നോക്കാൻ പോലും കൂട്ടാക്കാതിരുന്നത്.
രഘു നടന്നുകൊണ്ടേയിരുന്നു. അയാൾക്കു ചുറ്റും ഇരുട്ടു പരക്കുന്നതായും, ഇനി ഇരുട്ടാണ് അയാളുടെ നിത്യ സങ്കേതമെന്നും അയാൾക്കു തോന്നി. അയാൾക്കിപ്പോൾ ആരോടും വിദ്വേഷമില്ല. അയാൾ ഇരുട്ടിനേയും ഏകാന്തതയേയും സ്നേഹിക്കാൻ തുടങ്ങുകയാണ്.
No comments:
Post a Comment